കിറ്റു കൊടുത്തതുകൊണ്ടല്ല എല്‍.ഡി.എഫ് ജയിച്ചതെന്ന് കെ.മുരളീധരന്‍
യു.ഡി.എഫ് ജയിച്ച 41 മണ്ഡലത്തിലും കിറ്റ് കൊടുത്തില്ലേയെന്ന് മുരളീധരന്‍ ചോദിച്ചു
കോൺഗ്രസിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാൽ ഇനി പാർട്ടിയുണ്ടാവില്ലെന്ന് കെ. മുരളീധരൻ. പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേരളത്തിലെ നേതാക്കൾക്ക് തന്നെ കഴിയും. മുമ്പ് എന്താണ് പാർട്ടി എന്നറിയാത്തവർ പോലും തലപ്പത്ത് വന്നു. കേരളത്തിൽ അഞ്ച് വർഷം കൂടുമ്പോൾ ഭരണം മാറുന്നത് ഭരണഘടന ബാധ്യതയാണെന്ന് ചിലർ കരുതിയതാണ് ഭരണം കിട്ടാത്തതിന് കാരണമെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് 152 ബൂത്തുകളുണ്ട്, 90 എണ്ണമെ ബൂത്തെന്ന് പറയാൻ പറ്റുകയുള്ളൂ. തലസ്ഥാനത്തെ അവസ്ഥയിതാണ്. താഴെ തട്ടിൽ പാർട്ടിയില്ല. ചില മണ്ഡലങ്ങളിൽ സ്ഥാനാർഥി നാലാം സ്ഥാനത്ത് പോയി. അഞ്ചാമതൊരു സ്ഥാനാർഥിയില്ലെന്ന് ഓർക്കണം.
എന്തുകൊണ്ട് 41 സ്ഥലത്ത് ജയിച്ചുവെന്നതാണ് അത്ഭുതം. കിറ്റ് കൊടുത്തത് കൊണ്ടല്ല എല്‍.ഡി.എഫ് ജയിച്ചത്. നമ്മൾ ജയിച്ച 41 മണ്ഡലത്തിലും കിറ്റ് കൊടുത്തില്ലേയെന്ന് മുരളീധരന്‍ ചോദിച്ചു. ഓരോ സമുദായത്തെയും പിണറായി കൈകാര്യം ചെയ്തു. ക്രിസ്ത്യാനികളോട് പറഞ്ഞു യു.ഡി.എഫ് വന്നാൽ കാര്യങ്ങൾ തീരുമാനിക്കുമെന്ന് . സാമ്പത്തിക സംവരണം നടപ്പിലാക്കിയതാണ് തിരുവനന്തപുരത്ത് എല്‍.ഡി.എഫ് തൂത്ത് വാരാൻ കാരണം. കേന്ദ്രം പൗരത്വ ബിൽ നടപ്പിലാക്കുമെന്ന് മുസ്ലീംങ്ങളോട് പറഞ്ഞു. ഞങ്ങൾ ഭരിക്കുമ്പോൾ നടപ്പിലാക്കില്ലെന്ന് പിണറായി പറഞ്ഞു. എന്നിട്ട് കേസ് പോലും പിൻവലിച്ചിട്ടില്ല. 835 കേസിൽ പിൻവലിച്ചത് 2 കേസ് മാത്രമാണെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയില്‍ ആരെയും മാറ്റിനിര്‍ത്തരുത്. ഉമ്മൻചാണ്ടി, ചെന്നിത്തല എന്നിവരുടെ ഉപദേശം കേട്ട് മുന്നോട്ട് പോകും. വട്ടിയൂർക്കാവിൽ വൻ കാലുവാരൽ മുമ്പ് നടന്നു, താനത് മറികടന്നു. ഇവിടുത്തെ കുറെ വേസ്റ്റുകൾ അങ്ങോട്ട് പോയി (പ്രശാന്ത്). അതൊരു വേസ്റ്റ് ബോക്സായി മാറി. പുന്നെല്ല് കണ്ട കോഴിയെ പോലെയാണ് എ വിജയരാഘവനെന്നും മുരളീധരന്‍ പറഞ്ഞു.