കെ-റെയില്‍; പത്തനംതിട്ട ജില്ലയില്‍ പ്രതിഷേധം ശക്തം

ബഫർ സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്താതെ തന്നെ 110 ഏക്കറോളം ഭൂമിയാണ് ജില്ലയില്‍ നഷ്ടമാവുന്നത്

Update: 2022-01-01 02:07 GMT
Advertising

സംസ്ഥാനത്ത് കെ റെയില്‍ വിരുദ്ധ പ്രക്ഷോഭത്തിന് മുന്‍നിരയിലാണ് പത്തനംതിട്ട ജില്ല. ജില്ലയിലെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലൂടെയും നാല് താലൂക്കുകളിലൂടെയുമാണ് കെ - റെയില് പാത കടന്ന് പോകുന്നത്.

2019 ല്‍ കുന്നന്താനം പഞ്ചായത്തില്‍ ആരംഭിച്ച ജനകീയ പ്രതിഷേധം ഒരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമാവുകയാണ്. പത്തനംതിട്ട ജില്ലയെ സംബന്ധിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ അതിവേഗ റെയില്‍ പാതക്കെതിരായ പ്രതിഷേധങ്ങള്‍ ആരംഭിച്ചിരുന്നു. 2019ല്‍ 30 പേരുമായി തുടങ്ങിയ പൈതൃക സംരക്ഷണ സമിതിയില് നിന്നും 2020ല്‍ കെ- റെയില് വിരുദ്ധ ജനകീയ സമര സമിതിയായി മാറുമ്പോള്‍ അംഗ സംഖ്യ 20,000ലേക്ക് ഉയര്‍ന്നു.

വിവരാകാശ രേഖകള്‍ പ്രകാരം 9 തദ്ദേശ സ്ഥാപനങ്ങളലൂടെയും നാല് താലൂക്കുകളിലൂടെയുമാണ് ജില്ലയില്‍ പാത കടന്ന് പോകുന്നത്. കൊല്ലം ജില്ലയോട് ചേര്‍ന്ന കടമ്പനാട് പഞ്ചായത്തില്‍ നിന്നും പത്തനംതിട്ടയിലേക്ക് പ്രവേശിക്കുന്ന അതിവേഗ റെയില്‍ പാത പള്ളിക്കല്‍ , പന്തളം , ആറന്മുള ,കല്ലൂപ്പാറ ,കുന്നന്താനം , ഇരവിപേരൂര്‍ , കവിയൂര്, കോയിപ്രം തുടങ്ങിയ സ്ഥലങ്ങളിലെ ജന ജീവിതത്തെ ബാധിക്കുന്നു. ബഫർ സോണ്‍ പരിധിയില്‍ ഉള്‍പ്പെടുത്താതെ തന്നെ ഇതിലൂടെ 110 ഏക്കറോളം ഭൂമിയാണ് ജില്ലയില്‍ നഷ്ടമാവുന്നത്.

നിലവിലെ രേഖകള്‍ പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെങ്കില്‍ ജില്ലയിലെ മാത്രം 600 വീടുകളും 15 ആരാധാനാലയങ്ങളും ഒരു വിദ്യാലയവും പൂര്‍ണമായും പൊളിച്ച് മാറ്റേണ്ടതായി വരും. സ്ഥിരമായി വെള്ളം കയറുന്ന കല്ലൂപ്പാറ , ഇരവിപേരൂര് പഞ്ചായത്തുകളിലേതടക്കമുള്ള വയലുകളിലൂടെയും പാത കടന്ന് പോകുന്നുണ്ട്. പാരിസ്ഥിതിക ആഘാതത്തിന്റെ കണക്കെടുപ്പുകള്‍ കൂടി നടത്തിയാല്‍ കെ - റെയിലുമായി ബന്ധപ്പെട്ട നഷ്ടങ്ങള്‍ ഇനിയും വര്‍ധിക്കും.

അതിശക്തമായ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് ജില്ലയിലെ ഒരു സ്ഥലത്തും ഇതുവരെ കെ - റെയില്‍ സര്‍വേ നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. സിപിഎം ജില്ലാ സമ്മേളനത്തില്‍ പോലും പദ്ധതിക്കെതിരായ പ്രതിഷേധം പ്രതിഫലിച്ചതോടെ ജില്ലയിലെ കെ - റെയല്‍വിരുദ്ധ പ്രതിഷേധം കൂടുതല്‍ ശക്തമാകുമെന്ന കാര്യം ഉറപ്പാവുകയാണ്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News