കെ റെയില്‍ വിമര്‍ശനങ്ങള്‍; പ്രചാരണ പരിപാടികൾ ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ
കെ റെയിൽ വിരുദ്ധ പ്രചാരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടത്താനാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിൽ തീരുമാനം
പത്തനംതിട്ട : കെ റെയിലിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ ഡി.വൈ.എഫ്.ഐ. കെ റെയിലിനെ അനുകൂലിച്ചുള്ള പ്രമേയം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പാസാക്കി. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ച ഇന്നും തുടരും.
കെ റെയിൽ വിരുദ്ധ പ്രചാരണത്തിനെതിരെ സംസ്ഥാന വ്യാപകമായി ബോധവൽക്കരണം നടത്താനാണ് ഡി.വൈ.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിന്‍റെ തീരുമാനം. വീടുകൾ കയറി നേരത്തെ നടത്തിയ ബോധവത്ക്കരണം കൂടുതൽ ശക്തിപ്പെടുത്തും. ജില്ലാ സമ്മേളനങ്ങളിലടക്കം പദ്ധതിക്കെതിരെ വിമർശനമുയർന്നിരുന്നെങ്കിലും ഐകകണ്ഠേനയാണ് പ്രതിനിധി സമ്മേളത്തിൽ പ്രമേയം പാസായത്.
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെയും സമ്മേളനം പ്രമേയം പാസാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും സംഘടന രംഗത്ത് ഡി.വൈ.എഫ്.ഐ. ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞെന്നാണ് പ്രവർത്തന റിപ്പോർട്ട്. അംഗത്വത്തിലും സംഘടനാ രംഗത്തും വളർച്ചയുണ്ടായി.
പൊതു ചർച്ച ഇന്ന് ഉച്ചവരെ നീണ്ട് നിൽക്കും. ചർച്ചയിന്മേലുള്ള സംസ്ഥാന നേതൃത്വത്തിന്‍റെ മറുപടി ഉച്ചക്ക് ശേഷമുണ്ടാകും. ഇടതുപക്ഷ യുവജന സംഘടനാ നേതാക്കൾ പങ്കെടുക്കുന്ന സെമിനാറും ഉച്ചക്ക് ശേഷമാണ്.സംസ്ഥാന കമ്മിറ്റിയേയും ഭാരവാഹികളേയും സമ്മേളനത്തിന്‍റെ സമാപന ദിവസമായ നാളെ തെരഞ്ഞെടുക്കും.