കെ റെയിൽ സമരക്കാരനെ ചവിട്ടിയ സംഭവം; പൊലീസുകാരനെതിരെ അന്വേഷണം
റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീർ ആണ് സമരക്കാരനെ ചവിട്ടിയത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധിച്ച സമരക്കാരനെ ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. മംഗലപുരം സ്റ്റേഷനിലെ സിപിഒ ഷബീർ ആണ് സമരക്കാരനെ ചവിട്ടിയത്.
''ബൂട്ടിട്ട് ചവിട്ടി, കൈവെച്ച് ഇടിച്ചു, കഴുത്ത് കുത്തിപ്പിടിച്ച് ചുമരിൽ ചാരി, എന്റെ കൈയിലുണ്ടായിരുന്ന വലിച്ചുകീറി. പൊലീസ് ഇങ്ങോട്ട് പ്രകോപനം ഉണ്ടാക്കുകയാണ് ചെയ്തത്. ഞങ്ങളൊന്നും ചെയ്തിട്ടില്ല. മുദ്രാവാക്യം വിളിച്ച് പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. മനപ്പൂർവം ഇടിയ്ക്കുകയാണ് പൊലീസ് ചെയ്തത്''- മര്‍ദനമേറ്റയാള്‍ പറഞ്ഞു.
പാർട്ടി കോൺഗ്രസിന്റെ സമയത്ത് നിർത്തിവെച്ച കെ റെയിൽ സർവേ ഇന്ന് രാവിലെയാണ് പുനരാരംഭിച്ചത്. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്ന് സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി സംഘടിച്ചിരുന്നു. പിന്നാലെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധം കനത്തതോടെ ഉദ്യോഗസ്ഥർ സ്ഥലത്ത്‌നിന്ന് മടങ്ങി.