ആർക്കും വേണ്ടാതെ കെ റയിൽ കുറ്റികൾ; കണ്ണൂരിൽ മാത്രം ആറായിരത്തോളം കുറ്റികൾ കെട്ടി കിടക്കുന്നു
കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള സർവെക്കായി നിർമ്മിച്ച അതിരാടയാള കല്ലുകളാണ് കെട്ടിക്കിടക്കുന്നത്
സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിൽ നിന്നും സർക്കാർ പിന്മാറിയതോടെ പുലിവാൽ പിടിച്ച അവസ്ഥയിലാണ് കെ റയിൽ കുറ്റികളുടെ നിർമ്മാണ ചുമതല ഏറ്റെടുത്ത സ്വകാര്യ കമ്പനി. നിർമ്മാണം പൂർത്തിയായ ആറായിരത്തോളം കെ റയിൽ കുറ്റികളാണ് കണ്ണൂരിൽ മാത്രം കെട്ടികിടക്കുന്നത്. ഈ കുറ്റികൾ ഇനി എന്ത് ചെയ്യണം എന്ന കാര്യത്തിൽ കെ റെയിൽ അധികൃതർക്കും കൃത്യമായ ഉത്തരമില്ല.
ഒരു വശത്ത് കെ റയിലിന്റെ കുറ്റിയിടൽ. പിന്നാലെ പ്രതിക്ഷേധവും പിഴുതുമാറ്റലും. പദ്ധതിക്കെതിരായ സകല പ്രതിക്ഷേധങ്ങളും ഏറ്റുവാങ്ങിയതും ഈ കുറ്റികൾ തന്നെ. അങ്ങനെ ഈ മഞ്ഞ കുറ്റികൾ കെ റയിലിന്റെ അടയാള ചിഹ്നമായി നിറഞ്ഞു നിൽക്കുന്നതിനിടെയാണ് കല്ലിടലിൽ നിന്നും സർക്കാർ പിൻവാങ്ങിയത്. അതോടെയാണ് കുറ്റികളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തവർ കുരുക്കിലായത്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള സർവെക്കായി നിർമ്മിച്ച അതിരാടയാള കല്ലുകളാണിത്.
2019 ലാണ് കണ്ണൂർ വട്ടപൊയിലിലെ ശിൽപി പ്രൊഡക്ഷൻ എന്ന സ്വകാര്യ കമ്പനി ഇതിന്റെ നിർമ്മാണ കരാർ ഏറ്റെടുത്തത്. ഇതുവരെയായി ആകെ നിർമ്മിച്ചത് 7500 കുറ്റികൾ. കെ റയിൽ അധികൃതർ കൈപ്പറ്റിയതാവട്ടെ 1500 എണ്ണം മാത്രം. കല്ലിടൽ അവസാനിപ്പിച്ചതറിഞ്ഞ് കെ-റെയിൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. കരാർ നൽകിയവർ കുറ്റി വാങ്ങിയില്ലെങ്കിൽ 30 ലക്ഷം രൂപയുടെ നഷ്ട്ടമുണ്ടാകുമെന്നും ഇവർ പറയുന്നു