കെ റെയില്‍ സമരം; സ്ത്രീകള്‍ക്കെതിരെ ബലപ്രയോഗം പാടില്ല- ഗവർണർ
ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിൽ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു
കെ റെയില്‍ പ്രതിഷേധത്തില്‍ സ്ത്രീകള്‍ക്കു നേരെ ബല പ്രയോഗം പാടില്ലെന്ന് ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. ചെയ്യുന്നത് ശരിയാണോയെന്ന് സർക്കാർ തന്നെ വിലയിരുത്തട്ടെ. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിൽ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തിനിടെ കെ റെയിലിൽ പരസ്യ പ്രതികരണത്തിനില്ലെന്നും തന്റെ നിലപാട് സർക്കാരിനെ അറിയിക്കുമെന്നും ഗവർണർ അറിയിച്ചു.
കെറെയില്‍ കല്ലിടലിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ കെ റെയിൽ പ്രതിഷേധത്തിനിടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പൊലീസ് ആക്രമണം അഴിച്ചു വിട്ടരുന്നു. സർവേക്കെതിരെ പ്രതിഷേധിച്ച സ്ത്രീകൾ മണ്ണെണ്ണയോഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഇവരെ ക്രൂരമായാണ് പൊലീസ് നേരിട്ടത്. സ്ത്രീകളേയും കുട്ടികളേയും വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്.
സമരക്കാർക്കെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി നിയോജക മണ്ഡലത്തിൽ ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുയാണ്. രാവിലെ ആറ് മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. ജനകീയ സമര സമിതി നടത്തുന്ന ഹർത്താലിന് യുഡിഎഫ്, ബിജെപി, എസ്‍യുസിഐ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടേയും പിന്തുണയുണ്ട്. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. ഹർത്താൽ സമാധാനപരമായിരിക്കുമെന്ന് സമര സമിതി അറിയിച്ചു.
മാടപ്പള്ളിയിൽ ഇന്നലെയുണ്ടായത് അസാധാരണ സംഭവങ്ങളാണ്. ഇന്നലെ പത്തരയോടെയായിരുന്നു ആദ്യ നീക്കം. മാടപ്പള്ളിയിലെ പത്താം വാർഡിലേക്ക് എത്തിയ കെ റെയിലിന്‍റെ വാഹനം സമരക്കാർ തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ കെ റെയിൽ ജീവനക്കാർ മടങ്ങി.
എന്നാൽ രണ്ടാമത്തെ ശ്രമം പൊലീസിന്റെ ഒത്താശയോടെയായിരുന്നു. ഒരു മണിയോടെ കല്ലിടാൻ കെ റെയിൽ ജീവനക്കാർ വീണ്ടുമെത്തി. പക്ഷേ ഒറ്റക്കെട്ടായി സമരക്കാരും നാട്ടുകാരും അണിനിരന്നതോടെ പൊലീസ് അറസ്റ്റിലേക്ക് കടന്നു. കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് എം പുതുശ്ശേരി, വി ജെ ലാലി എന്നിവർക്കും പൊലീസ് നടപടിയിൽ പരിക്കേറ്റു . ഇരുപത്തിയഞ്ചോളം പേരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് ശേഷമാണ് മാടപ്പള്ളിയിലെ ആദ്യത്തെ കല്ല് കെ റെയിൽ ജീവനക്കാർ സ്ഥാപിക്കാൻ സാധിച്ചത്.