കുടിയൊഴിപ്പിക്കൽ സർക്കാർ നയമല്ല, ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് കെ.രാജന്‍
1964 ലെയും 93 ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണനയിലാണ്
Update: 2022-11-28 01:30 GMT
ഇടുക്കി: ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കുടിയൊഴിപ്പിക്കൽ സർക്കാർ നയമല്ലെന്നും കോടതിയിൽ ചോദ്യം ചെയ്യപ്പെടാത്ത വിധത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
1964 ലെയും 93 ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുന്ന കാര്യം സർക്കാർ പരിഗണനയിലാണ്. ഭൂമിയുടെ രേഖകളിൽ വ്യക്തത വരുത്താനുള്ള നടപടികളാണ് നടക്കുന്നത്.അതിനർത്ഥം കുടിയൊഴിപ്പിക്കൽ എന്നല്ലെന്നും മന്ത്രി പറഞ്ഞു.
സുവർണ ജൂബിലി വർഷത്തിൽ തന്നെ ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുമെന്നും അടുത്ത വർഷത്തോടെ സെറ്റിൽമെന്‍റ് നടപടികൾക്കായി നിയമം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. ജനങ്ങളിൽ ആശങ്കയുണ്ടാക്കും വിധമാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തനമെന്നും മന്ത്രി സൂചിപ്പിച്ചു.