സിപിഎം അണികളുടെ അതൃപ്തി മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കുമുള്ള താക്കീത്: കെ. സുധാകരൻ എംപി

ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീർണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവരുടെ അണികൾ രംഗത്തുവന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.

Update: 2024-11-30 12:54 GMT
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആളിപ്പടരുന്ന ജനവികാരത്തെ തുടർന്നാണ് സഖാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും പാർട്ടി നേതാക്കൾ ബിജെപിയിൽ ചേക്കേറുകയും ചെയ്യുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ചേരിപ്പോരും തമ്മിലടിയും മുല്യച്യുതിയും ജീർണതയുമാണ് സിപിഎം നേരിടുന്ന രാഷ്ട്രീയ പ്രതിസന്ധിയെന്നും അതിനെതിരെ അവരുടെ അണികൾ രംഗത്തുവന്നതിൽ അത്ഭുതപ്പെടാനില്ലെന്നും സുധാകരൻ പറഞ്ഞു.

നേതൃത്വത്തോടുള്ള അതൃപ്തി പരസ്യപ്പെടുത്തി അണികൾ തെരുവിൽ പ്രതിഷേധിക്കുന്നത് സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലാദ്യമാണ്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരായ അന്തിമ താക്കീതാണ്. ആലപ്പുഴ മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നതും 'സേവ് സിപിഎം, കൊള്ളക്കാരിൽ നിന്ന് പാർട്ടിയെ രക്ഷിക്കൂ' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സ്ത്രീകളും യുവാക്കളും അടങ്ങുന്ന സിപിഎം അണികളുടെ സംഘം കരുനാഗപ്പള്ളിയിൽ പ്രതിഷേധിച്ചതും അതിന്റെ സൂചനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അഴിമതിയും ആർഭാടവും ധാർഷ്ട്യവും വർഗീയ ശക്തികളുമായുള്ള അവിശുദ്ധ ബന്ധവുമാണ് സിപിഎം നേതൃത്വത്തെ ബാധിച്ചിരിക്കുന്ന തിമിരം. കേരളത്തിൽ പലപ്പോഴും ബിജെപിയുടെ നാവായി സിപിഎം മാറി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ പ്രേമം നടിച്ച സിപിഎമ്മും മുഖ്യമന്ത്രിയും ഇപ്പോൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുകയാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും ചേർന്ന സിജെപി മുന്നണിയാണുള്ളത്. കോൺഗ്രസ് ഇത്രയും നാളും സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അവരുടെ അണികൾ അടിവരയിടുകയാണ്. നേതാക്കളിലും അണികളിലും ഒരുപോലെ പ്രതിഷേധം പുകയുന്ന അഗ്നിപർവതമായി സിപിഎം മാറിയെന്നും സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും സംരക്ഷണത്തിന് വേണ്ടിയാണ് സംഘപരിവാറിന്റെ ആലയിൽ സിപിഎമ്മിനെ നേതൃത്വം തളച്ചത്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ പോലും പണയപ്പെടുത്തി ഏതു കറുത്തശക്തിയോടും കൂട്ടുകൂടാൻ സിപിഎം നേതൃത്വം തയ്യാറായതിന്റെ ഫലമായി ബംഗാളിലുണ്ടായ തകർച്ച കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

ജനം നേരത്തെ സിപിഎമ്മിനെയും എൽഡിഎഫ് സർക്കാരിനെയും കൈവിട്ടു. ഉപതെരഞ്ഞെടുപ്പ് ഫലം അതിന് തെളിവാണ്. സിപിഎമ്മിന്റെ തകർച്ച ബിജെപി മുതലെടുക്കുകയാണ്. പാലക്കാട് ഉൾപ്പെടെ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയ പല അസംബ്ലി മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. ബിജെപിയുടെ വർഗീയതയെ പ്രതിരോധിക്കാനും തോൽപ്പിക്കാനും കോൺഗ്രസിന് മാത്രമെ സാധിക്കൂയെന്നും സുധാകരൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News