'എൽദോസിനെ ഒളിവിൽ താമസിപ്പിക്കുന്നത് കെ. സുധാകരനാണ്'; ഗുരുതര ആരോപണവുമായി സി.പി.എം
കേസ് എം.എൽ.എയുടെ രാജിയിലല്ല, ജയിലിലാണ് ഒതുങ്ങുകയെന്നും എം.വി ഗോവിന്ദൻ
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബലാംത്സഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ ഒളിവിൽ താമസിപ്പിക്കുന്നത് കെ. സുധാകരനാണെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. സുധാകരന്റെ അറിവോടെ എൽദോസ് ഒളിവിൽ കഴിയുകയാണ്. എൽദോസിനെതിരെ കൃത്യമായ തെളിവുകളുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
കേസ് എം.എൽ.എയുടെ രാജിയിലല്ല, ജയിലിലാണ് ഒതുങ്ങുകയെന്നും എം.വി ഗോവിന്ദൻ പരിഹസിച്ചു.അതേസമയം എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ ഒളിസ്ഥലം കണ്ടെത്താനാകാതെ വലയുകയാണ് അന്വേഷണ സംഘം. ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്ത് ആറു ദിവസം പിന്നിട്ടിട്ടും എംഎൽഎയെ അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. എംഎൽഎ ഒളിവിലാണെന്നും വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെന്നും മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും എൽദോസ് എത്തിയില്ല. എംഎൽഎയ്ക്ക് വോട്ടുള്ളതിനാൽ അദ്ദേഹം കെപിസിസി ഓഫീസിൽ എത്തുമോയെന്ന് നിരീക്ഷിക്കാൻ രാവിലെ മുതൽ ഷാഡോ പോലീസിനേയും അന്വേഷണ സംഘം ഏർപ്പെടുത്തിയിരുന്നു.
പരാതിക്കാരിയുമായി പീഡനം നടന്ന സ്ഥലങ്ങളിലെത്തി പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഏഴ് സ്ഥലങ്ങളിൽവച്ച് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നാണ് പരാതിക്കാരിയുടെ മൊഴി. പെരുമ്പാവൂരിലെ എംഎൽഎയുടെ വീട്ടിൽ വച്ചും പീഡനത്തിന് ഇരയായതായി പരാതിക്കാരി പറയുന്നു. കേസിലെ പ്രധാന സാക്ഷിയെ വാട്സാപ്പ് സന്ദേശത്തിലൂടെ ഭീഷണിപ്പെടുത്തിയതിനും എം.എൽ.എയ്‌ക്കെതിരെ കേസുണ്ട്. എം.എൽ.എയുടെ മുൻകൂർ ജാമ്യഹർജിയിൽ ഒക്ടോബർ 20-നാണ് കോടതി വിധി പറയുക. പരാതിയിൽ 20ാം തിയതിക്ക് മുമ്പ് വിശദീകരണം നൽകാൻ എൽദോസിന് കെ.പി.സ.സിയുടെ അന്ത്യശാസനവുമുണ്ടായിരുന്നു.