പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ ഇന്ന് ചോദ്യംചെയ്യും
പരാതിക്കാർ മോൻസണ് നൽകിയ പണത്തിൽ പത്ത് ലക്ഷം രൂപ സുധാകരന് നൽകിയെന്ന് മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പണമിടപാടിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിൽ ഹാജരാകാൻ ആണ് നിർദേശം. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൺസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇത് സാധൂകരിക്കുന്ന ഡിജിറ്റൽ തെളിവുകൾ അടക്കം ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ.
നേരത്തെ ഹൈക്കോടതി കെ സുധാകരന് രണ്ടാഴ്ചത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപയുടെ ബോണ്ടിൽ വിട്ടയക്കണമെന്നാണ് നിർദേശം. സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചത്തേക്കാണ് ഇടക്കാല ഉത്തരവ്.23ന് സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നും കോടതി അറിയിച്ചു.