വ്യാജ രേഖാ കേസ്: കെ വിദ്യ ഒളിവിൽ തന്നെ
ഇന്റർവ്യൂ ബോർഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാൻ അഗളി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
പാലക്കാട്: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യ ഒളിവിൽ തുടരുന്നു. നാല് സംഘങ്ങളായി വിദ്യക്കായി തെരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വാദം.
അട്ടപ്പാടി ഗവ കോളജ് പ്രിൻസിപ്പൽ ലാലി വർഗീസ് ഉൾപ്പെടെ ഇന്റർവ്യൂ ബോർഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാൻ അഗളി പൊലീസ് ഇന്ന് കോടതിയെ സമീപിക്കും.
പാലക്കാട് സിജെഎം കോടതിയിലാണ് അപേക്ഷ നൽകുക. അധ്യാപകരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
ഇന്നലെ കോളജിൽ പൊലീസ് നടത്തിയ പരിശോധനയിൽ കെ. വിദ്യ കോളജിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജൂൺ രണ്ടിന് കോളജിൽ എത്തുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
കോളജിൽ ഇന്നലെ രാവിലെ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. വിദ്യ വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും ആറ് ദിവസം മുമ്പ് വരെയുള്ളതേ ലഭിക്കൂവെന്നുമായിരുന്നു നേരത്തെ പൊലീസ് പറഞ്ഞിരുന്നത്.
എന്നാൽ 12 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞിരുന്നു. ഇതേ തുടർന്ന് പൊലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ ലഭിച്ചത്.