കടമക്കുടിയിലെ കൂട്ട ആത്മഹത്യ; ഓൺലൈൻ ആപ്പിനെതിരെ കേസ്

ഓൺലൈൻ ആപ്പായ ഹാപ്പി വാലറ്റിനെതിരെയാണ് കേസ്.

Update: 2023-09-14 03:53 GMT
Advertising

വരാപ്പുഴ: കടമക്കുടിയിലെ കൂട്ട ആത്മഹത്യയിൽ ഓൺലൈൻ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഓൺലൈൻ ആപ്പായ ഹാപ്പി വാലറ്റിനെതിരെയാണ് കേസ്. മരിച്ചവരുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് കേസെടുത്തത്.

കടമക്കുടിയിൽ രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛനും അമ്മയും ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ ആപ്പ് വഴി വായ്പ നൽകുന്ന സംഘത്തിന്റെ ഭീഷണിയെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങൾ ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയാണ് കടമക്കുടി മാടശ്ശേരി വീട്ടിൽ നിജോയെയും ഭാര്യ ശിൽപയെയും ഏഴും അഞ്ചും വയസുള്ള മക്കളായ എയ്ബൽ, ആരോൺ എന്നിവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മുറിയിൽ കണ്ടെടുത്ത കത്തിൽ പറഞ്ഞിരുന്നു.

ശിൽപയെടുത്ത വായ്പയിൽ 9300 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ച് നിജോയുടെ ബന്ധുവിന് ഓൺലൈൻ ആപ്പുകാർ സന്ദേശമയച്ചിരുന്നു. അടച്ചുതീർക്കാനുള്ള തുക കാണിച്ചുള്ള സ്റ്റേറ്റ്‌മെന്റും ശിൽപയുടെ ചിത്രവും ഒരു ശബ്ദസന്ദേശവും ഒപ്പമയച്ചു. വിളിച്ചിട്ട് ശിൽപ ഫോൺ എടുക്കുന്നില്ലെന്നും പണം ഉടൻ തന്നെ അടച്ചില്ലെങ്കിൽ ശിൽപയുടെ മോർഫ് ചെയ്ത നഗ്നചിത്രം ശിൽപയുടെ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് അയച്ചുനൽകുമെന്നായിരുന്നു ഭീഷണി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News