കാഫിർ സ്ക്രീൻഷോട്ട്; വ്യാജരേഖ ചമക്കൽ വകുപ്പ് ഉൾപ്പെടുത്തിയെന്ന് പൊലീസ് ഹൈക്കോടതിയിൽ
ഹരജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും
എറണാകുളം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ വ്യാജരേഖ ചമക്കൽ വകുപ്പ് ഉൾപ്പെടുത്തിയതായി പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ വകുപ്പുൾപ്പെടുത്താത്തതിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. എന്തുകൊണ്ട് പരാതിക്കാരനെ വാദി ആക്കിയില്ലെന്നു ചോദിച്ച കോടതി ഇക്കാര്യത്തിൽ വിശദീകരണം തേടി. ഹരജി കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേസ് പരിഗണിച്ചപ്പോഴൊക്കെ വ്യാജരേഖ ചമക്കൽ, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകൾ പൊലീസ് ചുമത്തുന്നില്ലെന്ന് പരാതിക്കാരനായ കാസിം കോടതിയെ അറിയിച്ചിരുന്നു. ഇതേതുടർന്ന് ഇവ ചുമത്തുന്നതിൻ്റെ സാങ്കേതികത കോടതി പൊലീസിനോട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വ്യാജരേഖ ചമക്കൽ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചത്.
ഇന്ന് കേസിൻ്റെ അന്തിമവാദം കേൾക്കുമെന്നായിരുന്നു കോടതി അറിയിച്ചിരുന്നത്. എന്നാൽ പരാതിക്കാരൻ പുതിയൊരു വാദം ഇന്ന് കോടതിയിൽ ഉന്നയിച്ചു. തന്നെ കേസിൽ വാദിയാക്കിയില്ലെന്നായിരുന്നു ഇത്. ഇതിൽ പൊലീസിൻ്റെ വിശദീകരണം കൂടി കേട്ടായിരിക്കും അന്തിമവാദം കോടതി തിങ്കളാഴ്ച നടത്തുക.