കക്കുകളി നാടകവും കേരള സ്റ്റോറിയും തടയണം: രമേശ് ചെന്നിത്തല
രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വിതറുന്ന ശക്തികളെ കുറിച്ച് കൃത്യമായ ബോധ്യം കേരള ജനതക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: കേരളം ചിന്തിക്കാത്തതും സങ്കൽപ്പിക്കാത്തതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന കക്കുകളി നാടകവും കേരള സ്റ്റോറി എന്ന സിനിമയും തടയണമെന്ന് രമേശ് ചെന്നിത്തല. രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വിതറുന്ന ശക്തികളെ കുറിച്ച് കൃത്യമായ ബോധ്യം കേരള ജനതക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗ്രം ചെയ്യുക വഴി നാടിന്റെ സൗഹാർദവും ഇതര സമുദായങ്ങൾ തമ്മിലുള്ള ഐക്യവും തകർക്കാനുള്ള നീക്കത്തെ കോൺഗ്രസ് എതിർക്കുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പോസ്റ്റിന്‍റെ പൂർണരൂപം
ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പാരമ്പര്യമാണ് എന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളത്. എന്നാൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ദുരുപയോഗ്രം ചെയ്യുക വഴി നാടിന്റെ സൗഹാർദവും ഇതര സമുദായങ്ങൾ തമ്മിലുള്ള ഐക്യവും തകർക്കാനുള്ള ഏതു കോണിൽ നിന്നുള്ള നീക്കത്തെയും കോൺഗ്രസ് എതിർക്കുക തന്നെ ചെയ്യും. ശൂന്യതയിൽ നിന്നും മെനഞ്ഞെടുത്ത കഥകളിലൂടെ കേരളം ചിന്തിക്കാത്ത, സങ്കൽപ്പിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്ന കക്കുകളി നാടകവും കേരള സ്റ്റോറി എന്ന സിനിമയും അവതരിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നതും തടയുകയാണ് വേണ്ടത്.
രാജ്യത്ത് വെറുപ്പിന്റെ രാഷ്ട്രീയം വിതറുന്ന ശക്തികളെ കുറിച്ച് കൃത്യമായ ബോധ്യം കേരള ജനതക്കുണ്ട്. നമ്മുടെ മതേതര ചിന്തകളിലേക്ക് വെറുപ്പിന്റെ വിഷം കുത്തിവെക്കാനുള്ള നീക്കത്തെ നാം തിരിച്ചറിയുന്നിടത്താണ് നമ്മുടെ വിജയം. നാടിന്റെ പൈതൃകങ്ങളെയും പാരമ്പര്യങ്ങളെയും തകർക്കുവാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള എല്ലാത്തരം സൃഷ്ടികളെയും നാം ജാഗ്രതയോടെ വീക്ഷിക്കണം, തള്ളി കളയണം…