ലോകായുക്ത ഓർഡിനൻസിനെ തള്ളി കാനം രാജേന്ദ്രൻ

ലോകായുക്ത ഓർഡിനൻസിനെ തുടർന്ന് ഇതോടെ ഇടതു മുന്നണിയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്

Update: 2022-01-26 06:44 GMT
Editor : afsal137 | By : Web Desk
Advertising

ലോകായുക്ത ഓർഡിനൻസിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകായുക്ത ഓർഡിനൻസിൽ രാഷ്ട്രീയ ആലോചനകൾ നടന്നില്ലെന്നും നിയമ സഭ കൂടാനിരിക്കെ ഓർഡിനൻസ് കൊണ്ടു വന്നത് ജനങ്ങൾ അംഗീകരിക്കില്ലെന്നും കാനം വ്യക്തമാക്കി. ബില്ലായി അവതരിപ്പിച്ചിരുന്നെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ ഓർഡിനൻസിനെ തുടർന്ന് ഇടതു മുന്നണിയിൽ ഭിന്നാഭിപ്രായം രൂപപ്പെട്ടിരിക്കുകയാണ്. അതൃപ്തി പരസ്യമാക്കുമ്പോഴും ഓർഡിനൻസിൻറെ ഉള്ളടക്കത്തെ സിപിഐ നേതൃത്വം ചോദ്യം ചെയ്യുന്നില്ല. രാഷ്ട്രീയ കൂടിയാലോചനകൾ നടന്നിട്ടില്ലെന്ന് സിപിഐ തുറന്നടിച്ചതോടെ ലോകായുക്ത നിയമഭേദഗതി സിപിഎമ്മിൻറെ മാത്രം താൽപര്യമാണെന്ന നിലയിലേക്ക് കൂടി എത്തി.

ലോകായുക്തയെ അപ്രസക്തമാക്കുന്ന നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ഇതു സംബന്ധിച്ച ഓർഡിനൻസ് സർക്കാർ ഗവർണർക്ക് അയച്ചിട്ടുണ്ട്. ലോകായുക്ത വിധിയെ തുടർന്ന് മന്ത്രിയായിരുന്ന കെ.ടി ജലീൽ രാജിവെച്ചിരുന്നു. മന്ത്രി സ്ഥാനത്ത് തുടരാൻ കെ.ടി ജലീലിന് അർഹതയില്ലെന്നായിരുന്നു ലോകായുക്ത സർക്കാരിനെ അറിയിച്ചത്. പലപ്പോഴും ലോകായുക്ത വിധിയെ സ്വാഗതം ചെയ്യുന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിക്കാറുള്ളത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ലോകായുക്തയിൽ ചില അഴിച്ചു പണികൾക്ക് സർക്കാർ തയ്യാറായതും. ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കിയത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിംഗ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം.

ലോകായുക്ത ഓർഡിനൻസിനെതിരെ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നോതാവ് വിഡി സതീശനും രംഗത്തു വന്നിരുന്നു. സർക്കാർ ലോകായുക്തയുടെ പല്ല് കൊഴിച്ചെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. എന്നാൽ ഓർഡിനൻസിന്റെ കാര്യം തന്നെ അറിയിച്ചില്ലെന്ന് വിഡി സതീശൻ വ്യക്തമാക്കി. ഓർഡിനൻസിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിട്ടുണ്ടെന്നും അഴിമതി നിരോധന നിയമത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News