പാട്ടഭൂമി തരംമാറ്റിയെന്ന പരാതിക്കിടെ നോളജ് സിറ്റിയിൽ കാനം രാജേന്ദ്രന്റെ സന്ദർശനം; വിവാദം
പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഒഴിവാക്കിയാണ് സ്ഥാപന അധികൃതർ അയച്ച വാഹനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നോളജ് സിറ്റി സന്ദർശിച്ചത്. ഇതിൽ പാർട്ടിക്കകത്തും അതൃപ്തിയുയർന്നിട്ടുണ്ട്
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ കോഴിക്കോട് മർക്കസ് നോളജ് സിറ്റി സന്ദർശനം വിവാദത്തിൽ. പാട്ടഭൂമി തരംമാറ്റിയെന്ന പരാതി റവന്യൂ വകുപ്പിന് മുന്നിലുണ്ടായിരിക്കെയാണ് റവന്യൂ മന്ത്രിയുടെ പാർട്ടി നേതാവിന്റെ സന്ദർശനം. നോളജ് സിറ്റി സന്ദർശിക്കുന്ന കാര്യം തൽക്കാലം തീരുമാനിച്ചില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചതിനു പിന്നാലെയായിരുന്നു കാനം കോടഞ്ചേരി വില്ലേജിലെ നോളജ് സിറ്റിയിലെത്തിയത്.
വെള്ളിയാഴ്ച രാവിലെ ഒൻപതിനാണ് കാനം മർക്കസ് കേന്ദ്രത്തിലെത്തിയത്. പാർട്ടി ഒരുക്കിയ വാഹനത്തിന് പകരം നോളജ് സിറ്റി അധികൃതർ അയച്ച വാഹനത്തിലായിരുന്നു യാത്ര. നോളജ് സിറ്റിയിലെ യൂനാനി മെഡിക്കൽ കോളജിലെ അവാർഡ് വിതരണ ചടങ്ങിൽ കാനം പങ്കെടുത്ത വിവരം നോളജ് സിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. വിവിധ ശാഖകളിൽനിന്നുള്ള ആരോഗ്യവിദഗ്ധർ പരസ്പരം കുറ്റപ്പെടുത്തുന്നതിനു പകരം ആരോഗ്യകേരളത്തിനു വേണ്ടി കൈക്കോർത്തുപോകണമെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞതായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
അതേസമയം, നോളജ് സിറ്റിയുടെ ഭൂമി പാട്ടഭൂമി തരംമാറ്റിയതാണെന്ന പരാതിയെ തുടർന്ന് റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ അന്വേഷണം നടത്തിവരികയാണ്. സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം ലാൻഡ് ട്രൈബ്യൂണലിലുമുണ്ട്. ഇതിനിടെ റവന്യൂ വകുപ്പ് മന്ത്രിയുടെ പാർട്ടിയുടെ നേതാവ് തന്നെ നോളജ് സിറ്റി സന്ദർശിച്ചതാണ് പരാതിക്ക് ഇടവരുത്തിയത്. പാർട്ടി ജില്ലാ കമ്മിറ്റി യോഗം ഒഴിവാക്കിയാണ് അദ്ദേഹം നോളജ് സിറ്റി സന്ദർശിച്ചത്. ഇതിൽ പാർട്ടിക്കകത്തും അതൃപ്തിയുയർന്നിട്ടുണ്ട്.