കാഞ്ഞങ്ങാട്ട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയാരെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്
നേരത്തെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെയും മനോവൈകല്യമുള്ളവരെയും ജയിൽമോചിതരായവരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്
കാസര്‍കോട്: കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയ കേസിൽ പ്രതിയാരെന്ന് ഉറപ്പിക്കാനാകാതെ പൊലീസ്. കേസിൽ ഒരാളെ കസ്‌റ്റഡിയിൽ എടുത്തെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ഇയാളുടെ ഡി.എൻ.എ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശാസ്ത്രീയ തെളിവുകൾ ലഭിച്ചശേഷം മറ്റു നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പുലർച്ചെ രണ്ടേകാലോടെ നടന്നുപോകുന്ന ഒരാളുടെ ദൃശ്യം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒരാളെ കസ്റ്റഡിയിലെടുത്തത്. നിരവധി ലഹരി കേസുകളിൽ ഉൾപ്പെടെ പ്രതിയായ യുവാവിനെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
എന്നാൽ, ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഇതോടെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചശേഷം മറ്റ് നടപടികളിലേക്ക് കടന്നാൽ മതി എന്നാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി.വി ലതീഷിന്റെ നേതൃത്വത്തിൽ 26 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. 400ലേറെ വീടുകളിലും 200ലേറെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
നേരത്തെ ലഹരി മരുന്ന് കേസുകളിൽ പ്രതിയായവരെയും മനോവൈകല്യമുള്ളവരെയും ജയിൽമോചിതരായവരെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ആശങ്കയിലാണ്.
Summary: The police could not confirm the suspect in the case of abducting and torturing a sleeping ten-year-old girl in Kanhangad.