പള്ളിക്കമ്മിറ്റിയുടെ പണം തട്ടിയെടുത്തെന്ന പരാതി; ലീഗ് നേതാവിൽ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കും

2010-15 കാലയളവിലാണ് കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്

Update: 2023-06-10 03:38 GMT
Advertising

കണ്ണൂർ: പള്ളികമ്മിറ്റിയുടെ പണം തട്ടിയെടുത്തന്ന പരാതിയിൽ ലീഗ് നേതാവിൽ നിന്നും ഒന്നര കോടി രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദ്ദേശം. ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കെ പി താഹിറിൽ നിന്നാണ് പണം ഈടാക്കുക. കണ്ണൂർ പുറത്തീൽ പള്ളി കമ്മിറ്റിയുടെ പരാതിയിലാണ് നടപടി. താഹിറിനെതിരെ ക്രിമിനൽ കേസ് എടുക്കാനും വഖഫ് ബോർഡിന്റെ ശിപാർശയുണ്ട്.

2010-15 കാലയളവിലാണ് പള്ളി കമ്മിറ്റിയുടെ ഒന്നര കോടി രൂപ കാണാതായത്. ഈ കാലയളവിൽ പള്ളി കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു താഹിർ. 2015ൽ വന്ന പുതിയ കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തുകയും താഹിറിന് പണം നഷ്ടപ്പെട്ടതിന് പങ്കുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ താഹിറിനെ കസ്റ്റഡിയിലെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്‌തെങ്കിലും പിന്നീട് പുറത്തുകടന്നു. ലീഗിന്റെ ഭാരവാഹിത്വത്തിൽ നിന്ന് ഇയാളെ ഒഴിവാക്കണമെന്ന് ആവശ്യമുയർന്നെങ്കിലും നടപടിയുണ്ടായില്ല. അന്ന് ലീഗിന്റെ ജില്ലാ സെക്രട്ടറിയായിരുന്നു താഹിർ.

ഇയാൾക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പള്ളിക്കമ്മിറ്റി വഖഫ് ബോർഡിനെ സമീപിക്കുകയായിരുന്നു. വഖഫ് ബോർഡ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് താഹിറിൽ നിന്ന് തുക ഈടാക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. തുക ഈടാക്കിയില്ലെങ്കിൽ റവന്യൂ റിക്കവറി അടക്കമുള്ള നടപടികളിലേക്ക് കടക്കും. ജൂൺ 6ന് ചേർന്ന സംസ്ഥാന വഖഫ് ബോർഡ് യോഗത്തിലാണ് താഹിറിനെതിരെ നടപടിയെടുക്കാൻ തീരുമാനമായത്.

Full View

നിലവിൽ ലീഗിന്റെ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് താഹിർ. താഹിറിനെ ജില്ലാ നേതൃത്വത്തിൽ നിന്നൊഴിവാക്കണമെന്ന ആവശ്യമുയർന്നിരുന്നെങ്കിലും താഹിറിനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായത്. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News