എല്‍എല്‍ബി പഠിച്ച ജഡ്ജി ആടിനെയോ പശുവിനെയോ വളര്‍ത്താതിരുന്നത് എന്താ? കണ്ണൂര്‍ മേയര്‍
സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന ഉദ്യോഗാർഥികളുടെ മനോഭാവം മാറണമെന്ന ഹൈക്കോടതി പരാമർശത്തെയാണ് മേയർ വിമർശിച്ചത്
പിഎസ്‍സി ഉദ്യോഗാർഥികളുടെ ഹരജി പരിഗണിക്കവേ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വക്കറ്റ് ടി ഒ മോഹനന്‍. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന ഉദ്യോഗാർഥികളുടെ മനോഭാവം മാറണമെന്ന പരാമർശത്തെയാണ് മേയർ വിമർശിച്ചത്. എല്‍എല്‍ബി പഠിച്ചിറങ്ങിയ ഉടന്‍ ജഡ്ജി ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണെന്ന് മേയർ ചോദിച്ചു. പിഎസ്‍സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ധര്‍ണയിലായിരുന്നു മേയറുടെ പ്രതികരണം.
"എന്തിനാണ് സര്‍ക്കാര്‍ ജോലി, ആടിനെ വളര്‍ത്തിയാല്‍ പോരെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഞാന്‍ ചോദിക്കട്ടെ.. ഇങ്ങേരെന്തിനാണ് ജഡ്ജിയാകാന്‍ പോയത്. ഇങ്ങേരെന്തിനാണ് എല്‍എല്‍ബി പഠിച്ച ശേഷം പ്രാക്റ്റീസിന് പോയത്? നാല് പശുവിനെ വാങ്ങിപ്പോറ്റിയാല്‍ പോരെ? അല്ലെങ്കില്‍ ആടിനെ വാങ്ങിയാല്‍ പോരെ? അദ്ദേഹമെന്തിനാണ് ജുഡീഷ്യല്‍ സര്‍വീസിലേക്ക് കയറിയത്? അഭ്യസ്തവിദ്യരായ തൊഴില്‍ ആഗ്രഹിക്കുന്നവരെ അപമാനിക്കുന്നതിന് തുല്യമാണ് ജഡ്ജിയുടെ പരാമര്‍ശം"- മേയര്‍ ടി ഒ മോഹനന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം പിഎസ്‍സി ജോലിയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ്, ഹൈക്കോടതി സര്‍ക്കാര്‍ ജോലി സംബന്ധിച്ച പരാമര്‍ശം നടത്തിയത്. പിഎസ്‍സി ആവശ്യപ്പെട്ട സമയത്ത് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇയാളുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു ജഡ്ജിമാരുടെ പരാമര്‍ശം.