രാജി സന്നദ്ധത അറിയിച്ച് കണ്ണൂർ സർവകലാശാല പ്രോ വൈസ് ചാൻസലർ

സർവകലാശാലാ ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷം ആകുന്നതിനിടെ, സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ. സാബു എ.ഹമീദ്.

Update: 2022-05-29 02:23 GMT
Editor : rishad | By : Web Desk
Advertising

കണ്ണൂർ: സർവകലാശാല പ്രോ വൈസ് ചാൻസലർ സ്ഥാനമൊഴിയുന്നു. രാജി സന്നദ്ധത അറിയിച്ച് പ്രോ വി.സിയായ സാബു എ ഹമീദ് , വി.സി ക്ക് കത്ത് നൽകി. വി.സിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് സ്ഥാനമൊഴിയാൻ കാരണമെന്നാണ് സൂചന. സർവകലാശാലാ ഭരണസംവിധാനത്തിലെ ചേരിപ്പോര് രൂക്ഷം ആകുന്നതിനിടെ, സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിക്കുന്ന രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് ഡോ. സാബു എ.ഹമീദ്. 

ചോദ്യപേപ്പർ വിവാദത്തിനൊടുവിൽ പരീക്ഷാ കൺട്രോളർ പി.ജെ.വിൻസന്റ് കഴിഞ്ഞ ദിവസം ഡപ്യൂട്ടേഷൻ റദ്ദാക്കി മടങ്ങിയിരുന്നു. സർവകലാശാലയുടെ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ചെയർമാൻ കൂടിയായ പിവിസിയെ അറിയിക്കാതെയും ബോധ്യത്തിലെടുക്കാതെയും ആണ് തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് അറിയുന്നത്.

അതേസമയം കണ്ണൂർ സർവകലാശാല പരീക്ഷ നടത്തിപ്പിന് മേൽനോട്ട സമിതി രൂപീകരിക്കും. പരീക്ഷ നടത്തിപ്പിൽ തുടർച്ചയായി വീഴ്ച ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സമിതി അംഗങ്ങളെ പിന്നീട് തീരുമാനിക്കും. വെള്ളിയാഴ്ച ചേർന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനത്തിന് അംഗീകാരം നൽകി. പരീക്ഷകളുടെ തിയ്യതി നിശ്ചയിക്കുന്നത് മുതൽ ഫല പ്രഖ്യാപനം വരെയുള്ള നടപടികളിൽ ഇനി മുതൽ പുതിയ സമിതിയുടെ മാർഗ നിർദ്ദേശമുണ്ടാകും.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News