പ്രിയ വർഗീസിന്റെ നിയമന നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കണ്ണൂർ സർവകലാശാല; വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി സിപിഎം
നിയമന തീരുമാനത്തിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് കണ്ണൂർ സർവകലാശാല. ഗവർണറുടെ സ്റ്റേ ഉത്തരവിനെതിരെ കോടതിയെ സമീപിക്കും.വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കി സി.പി.എം നേതൃത്വവും രംഗത്തെത്തി.
നിയമന തീരുമാനത്തിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രന്റെ നിലപാട്. ഇതോടെ ചാൻസിലറും വൈസ് ചാൻസിലറും തമ്മിൽ നിയമയുദ്ധത്തിനും കളമൊരുങ്ങി. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഉത്തരവിനെതിരെ നാളെ കോടതിയെ സമീപിക്കാനാണ് സർവ കലാ ശാലയുടെ തീരുമാനം. സർവകലാശാല ആക്ട് പ്രകാരം ഗവർണറുടെ നടപടി നിലനിൽക്കില്ലെന്നാണ് വൈസ് ചാൻസിലറുടെ നിലപാട്.
ഭരണഘടനക്ക് എതിരായ ഗവർണറുടെ നിലപാടുകളെ പ്രതിരോധിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പ്രിയ വർഗീസിനെ നിയമിക്കാനുള്ള നടപടിക്രമങ്ങളെല്ലാം കണ്ണൂർ സർവകലാശാല പൂർത്തീകരിച്ചിരുന്നു. നിയമന ഉത്തരവ് മാത്രമാണ് അവശേഷിക്കുന്നത്. ഗവർണർക്ക് വഴങ്ങേണ്ടതില്ലെന്ന സന്ദേശം സിപിഎം നൽകിയതോടെയാണ് ചാൻസലർ കൂടിയായ ഗവർണർക്കെതിരെ വൈസ് ചാൻസലർ പരസ്യമായി രംഗത്ത് വന്നത്. ഇതോടെ അസാധാരണമായ നിയമ പോരാട്ടത്തിനാണ് വഴിതെളിയുന്നത്.