കരിപ്പൂര്‍ വിമാനപകടത്തിന് ഒരു വര്‍ഷം; പരിക്കേറ്റ പലരും ഇന്നും ചികിത്സ തുടരുന്നു
നട്ടെല്ലിനും കൈ കാലുകൾക്കും ഗുരുതര പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയുടെ ആരോഗ്യസ്ഥിതി ഇനിയും പൂർവസ്ഥിതിയിലായിട്ടില്ല
കരിപ്പൂർ വിമാനപകടം നടന്ന് ഒരു വർഷം തികയുമ്പോഴും അപകടത്തിൽ പരിക്കേറ്റ പലരും ഇന്നും ചികിത്സ തുടരുകയാണ്. നട്ടെല്ലിനും കൈ കാലുകൾക്കും ഗുരുതര പരിക്കേറ്റ മലപ്പുറം കുറ്റിപ്പുറം സ്വദേശി ഹംസയുടെ ആരോഗ്യസ്ഥിതി ഇനിയും പൂർവസ്ഥിതിയിലായിട്ടില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ധനസഹായവും ഹംസയ്ക്ക് ലഭിച്ചിട്ടില്ല.
മൂത്ത മകളുടെ വിവാഹത്തിനായി അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു കുറ്റിപ്പുറം സ്വദേശി ചോഴിമഠത്തിൽ ഹംസ. വൈകാതെ തിരികെ മടങ്ങാനായിരുന്നു, നാല് പെൺമക്കളുടെ പിതാവും കുടുംബനധനുമായ ഹംസയുടെ ലക്ഷ്യം. പക്ഷേ വിധി മറിച്ചായിരുന്നു. വിമാനാപകടത്തിൽ നട്ടെല്ലിനുൾപ്പടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റു. തോളെല്ലും വലതുകാലിന്‍റെ എല്ലും തകർന്നു. കയ്യുടെ മസിലിനും പരിക്ക് പറ്റി. 15 ദിവസത്തോളം അബോധാവസ്ഥയിൽ കഴിഞ്ഞ ഹംസയെ ബന്ധുക്കൾ ഏറെ അന്വേഷണങ്ങൾക്കൊടുവിലാണ് കണ്ടെത്തിയത്. ഇതിനകം അഞ്ച് ശസ്ത്രക്രിയകൾ നടത്തി. പക്ഷേ ആരോഗ്യം പൂർവ്വസ്ഥിയിൽ വീണ്ടെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.