കരിപ്പൂര്‍ വിമാന ദുരന്തം; അപകട കാരണം പൈലറ്റിന്‍റെ വീഴ്ച, അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
കരിപ്പൂര്‍ വിമാനാപകടത്തിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. വിമാനത്തിന്‍റെ ഗതിയും വേഗതയും നിയന്ത്രിച്ചിരുന്ന പൈലറ്റിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായതായാണ് റിപ്പോർട്ട്. എയര്‍ ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
പൈലറ്റ് ലാന്റിങ്ങ് മാനദണ്ഡങ്ങൾ പാലിക്കാത്തത് അപകടകാരണമാകാമെന്ന് റിപ്പോർട്ടില്‍ പറയുന്നു. റണ്‍വേയില്‍ വിമാനം ഇറങ്ങേണ്ട സ്ഥാനത്തല്ല ഇറങ്ങിയത്. മുന്നോട്ടുപോയി വിമാനമിറങ്ങിയത് അപകടത്തിനിടയാക്കിയെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
കരിപ്പൂര്‍ വിമാനദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് വ്യോമയാന മന്ത്രാലയത്തിന് ലഭിച്ചെന്നും ഉടന്‍ പരസ്യപ്പെടുത്തുമെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
2020 ആഗസ്റ്റ് ഏഴിനു രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ എക്സ്പ്രസ് അപകടത്തില്‍പ്പെട്ടത്. കോവിഡ് വ്യാപനം രൂക്ഷമായ തൊഴിലിടങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാനായി ഊഴം കാത്തിരുന്ന ഒരു പറ്റം മനുഷ്യരെയുമായെത്തിയ വിമാനം ടെര്‍മിനലില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി റണ്‍വേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. 21 പേര്‍ മരിച്ച ദുരന്തത്തില്‍ 96 പേര്‍ക്കായിരുന്നു സാരമായി പരിക്കേറ്റത്. 73 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.