പ്ലസ് വണ്‍ സീറ്റ് ക്ഷാമം: കാർത്തികേയന്‍ കമ്മീഷനു മുന്നില്‍ പരാതി പ്രളയം
മുന്‍ ഹയർസെക്കന്‍ഡറി ഡയറക്ടർ വി. കാർത്തികേയന്‍ നായർ അധ്യക്ഷനായ സമിതിയാണ് കോഴിക്കോട്ട് സിറ്റിങ് നടത്തി പരാതികള്‍ സ്വീകരിച്ചത്
കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സർക്കാർ നിയോഗിച്ച കാർത്തികേയന്‍ കമ്മീഷനു മുന്നില്‍ പരാതി പ്രളയം. പ്ലസ് വണ്‍ സീറ്റുകളും ബാച്ചുകളും വർധിപ്പിക്കണമെന്ന് കോഴിക്കോട്ട് നടന്ന സിറ്റിങ്ങില്‍ വിദ്യാർഥി, അധ്യാപക സംഘടകളും സ്കൂള്‍ മാനേജർമാരും ആവശ്യപ്പെട്ടു.
മുന്‍ ഹയർസെക്കന്‍ഡറി ഡയറക്ടർ വി. കാർത്തികേയന്‍ നായർ അധ്യക്ഷനായ സമിതിയാണ് കോഴിക്കോട്ട് സിറ്റിങ് നടത്തി പരാതികള്‍ സ്വീകരിച്ചത്. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതലുള്ള മലബാർ ജില്ലകളെക്കുറിച്ചായിരുന്നു കൂടുതല്‍ പരാതികളും. മാർജിനല്‍ സീറ്റ് വർധനപോലെ താല്ക്കാലിക പരിഹാരമല്ല വേണ്ടെന്നതെന്ന് കമ്മീഷനു മുന്നില്‍ നിർദേശങ്ങള്‍ സമർപ്പിക്കാനെത്തിയ സംഘടനകള്‍ പറഞ്ഞു.
അലോട്ട്മെന്റിലെ പരിമതികള്‍ പരിഹരിക്കാന് നടപടി വേണമെന്ന് അധ്യാപക സംഘടനകളും ആവശ്യപ്പെട്ടു. പുതിയ ബാച്ചുകള്‍ക്കുള്ള അപേക്ഷ നേരിട്ടു സ്വീകരിക്കുമെന്നതിനാല്‍ ഹയർസെക്കന്‍ഡറി ബാച്ചില്ലാത്ത, സീറ്റ് കുറവുള്ള സ്കൂളുകളിലെ മാനേജർമാരും കമ്മീഷനു മുന്നില്‍ നിവേദനം സമർപ്പിക്കാനെത്തി. വിദ്യാർഥികളില്ലാത്ത ബാച്ചുകള്‍ പുനഃക്രമീകരിക്കുന്നതുള്‍പ്പെടെ വരുന്ന അധ്യയനവർഷത്തെ പ്ലസ് വണ്‍ സീറ്റ് സംബന്ധിച്ച സർക്കാർ തീരുമാനങ്ങള്‍ കാർത്തികേയന്‍ കമ്മീഷന്‍ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും.
Summary: Flood of complaints before the Karthikeyan Commission appointed by the government to solve the shortage of Plus One seats