കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ആരോപണം അടിസ്ഥാനരഹിതം, ഇ ഡി വിളിച്ചാൽ ഹാജരാകുമെന്ന് പി കെ ബിജു
ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ അനിൽ അക്കര മാധ്യമങ്ങൾക്ക് നൽകണമെന്നും പികെ ബിജു ആവശ്യപ്പെട്ടു.
കോഴിക്കോട്: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കോൺഗ്രസ് നേതാവ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ എംപി പികെ ബിജു. അനിൽ അക്കര ഉയർത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ. ഇ ഡി ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും എന്തു വിശദീകരണവും നൽകുമെന്നും പികെ ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു. ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ അനിൽ അക്കര മാധ്യമങ്ങൾക്ക് നൽകണമെന്നും പികെ ബിജു ആവശ്യപ്പെട്ടു.
അനില്‍ അക്കര വ്യക്തിഹത്യ നടത്തുന്നുവെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും പി കെ ബിജു പറഞ്ഞു. ആരോപണങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുപ്പതു വർഷത്തോളമായി രാഷ്ട്രീയ രംഗത്ത് ഉണ്ട്. ഇതു പോലെ ഒരു ആക്ഷേപം ഉണ്ടായിട്ടില്ല. അനിൽ അക്കര ഉയർത്തിയത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജു പറഞ്ഞു.
കൂടാതെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ പ്രതികളുമായി തനിക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അനിൽ അക്കര തെളിയിക്കട്ടെ. കേസിൽ പാർട്ടി പരിശോധന നടത്തി നിലപാട് വ്യക്തമാക്കിയതാണ്. പാർട്ടി നടത്തിയ അന്വേഷണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ബിജു കൂട്ടിച്ചേർത്തു. ഇ ഡി ഇതു വരെ ബന്ധപ്പെട്ടില്ല. ഇ.ഡി ആവശ്യപ്പെട്ടാൽ ഞാൻ പോകും. അന്വേഷണവുമായി സഹകരിക്കുമെന്നും എന്തു വിശദീകരണവും നൽകുമെന്നും ബിജു മാധ്യമങ്ങളോട് പറഞ്ഞു.
പണം കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്ന എംപി പികെ ബിജുവാണെന്നും കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറും ബിജുവും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നുമാണ് അനില്‍ അക്കര ഉന്നയിച്ച ആരോപണങ്ങള്‍. ഒന്നാം പ്രതി സതീശൻ ബിജുവിന്റെ മെന്ററായി പ്രവർത്തിച്ചു. 2014 ൽ എംപിയായിരുന്ന പി.കെ ബിജുവിന് വടക്കാഞ്ചേരിയിൽ ഓഫീസ് എടുത്ത് നൽകിയതും ചെലവുകൾ വഹിച്ചതും സതീശനാണെന്നും അനിൽ അക്കര ആരോപിച്ചു.