കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
ടോക്കൺ അനുസരിച്ച് പണം തിരികെ നൽകുന്ന സംവിധാനം നിർത്തിവെക്കണമെന്നും കോടതി
കൊച്ചി: തൃശ്ശൂരിലെ കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. ഇന്ന് നിക്ഷേപകർ സമർപ്പിച്ച ഹരജിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
നിക്ഷേപകർക്ക് കേരള ബാങ്ക് പണം കൊടുക്കുമോയെന്നും കോടതി ചോദിച്ചു. നിക്ഷേപകർക്ക് പണം നൽകാൻ മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഈട് നൽകി വായ്പയെടുക്കുന്ന നടപടി വേഗത്തിലാക്കണമെന്നും കോടതി നിർദേശിച്ചു. ടോക്കൺ അനുസരിച്ച് പണം തിരികെ നൽകുന്ന സംവിധാനം നിർത്തിവെക്കാനും കോടതി നിർദേശം നൽകി.
കാലാവധി പൂർത്തിയായ 142 കോടിയുടെ സ്ഥിരനിക്ഷേപം ഇപ്പോൾ ഉണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണം തിരികെ നൽകാനുള്ള നടപടി ഉടൻ ഉണ്ടാക്കണമെന്നും കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി പിന്നീട് പരിഗണിക്കാനായി കോടതി മാറ്റിയിട്ടുണ്ട്.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഇന്നലത്തെ സി.ബി.ഐ അന്വേഷണ അന്വേഷണ ഹരജിയിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്.