'മരിച്ചാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വരേണ്ട': 82 ലക്ഷം ബാങ്കിലുണ്ടായിട്ടും ചികിത്സയ്ക്കെടുക്കാന്‍ കഴിയാതെ നിക്ഷേപകന്‍
പക്ഷാഘാതത്തിനുള്ള ചികിത്സക്കായി പണം എടുക്കാന്‍ കഴിയാതിരുന്നതോടെയാണ് മാപ്രാണം സ്വദേശി ബാങ്കിന് കത്തെഴുതിയത്
തൃശൂര്‍ : മരിച്ചു കഴിഞ്ഞാല്‍ പാര്‍ട്ടി പതാക പുതപ്പിക്കാന്‍ ആരും വീട്ടിലേക്ക് വരേണ്ടതില്ലെന്ന് കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍റെ കത്ത്. പക്ഷാഘാതത്തിനുള്ള ചികിത്സക്കായി പണം കിട്ടാതിരുന്നതോടെയാണ് മാപ്രാണം സ്വദേശി ജോഷി ബാങ്കിന് കത്തെഴുതിയത്. 82 ലക്ഷം രൂപ ജോഷിയും കുടുംബാംഗങ്ങളും ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്.
ജീവിതത്തിൽ പ്രതിസന്ധികൾ വന്നാൽ കൈത്താങ്ങിനാണ് ജോഷി പണം സ്വരുക്കൂട്ടിയത്. വിശ്വസിക്കാൻ കൊള്ളാവുന്ന സ്ഥലമെന്ന് കരുതി സഹകരണ ബാങ്കിൽ കൊണ്ടിട്ടു. പക്ഷാഘാതത്തിന്റെ രൂപത്തിലാണ് പ്രതിസന്ധി തുടങ്ങിയത്. ചെവിക്ക് സര്‍ജറി വേറെ. ഒടുവിൽ ട്യൂമര്‍ എടുത്ത് മാറ്റാൻ ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ. കരുതലാകുമെന്ന് കരുതിയ നിക്ഷേപം മാത്രം കിട്ടാക്കനിയായി. അത്യാവശ്യമാണെങ്കിൽ രണ്ടു ലക്ഷം തരാമെന്നായിരുന്നു ബാങ്കിന്റെ മറുപടി. ആ മറുപടിക്ക് ഉള്ളുരുകി ജോഷി ഒരു കത്തെഴുതി. സ്വന്തം കാശ് ബാങ്കിൽ ഇരിക്കുമ്പോൾ പലിശക്ക് കടം വാങ്ങുകയാണ് ഒരു രോഗി.