കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.ആർ ഷാജനും കുരുക്ക്, ഒന്നാംപ്രതിയുമായുള്ള ഇടപാടുകൾ സമ്മതിച്ചെന്ന് ഇ.ഡി
ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ആർ ഷാജന് വീണ്ടും നോട്ടീസ് നൽകും.
കൊച്ചി: കരുവന്നൂർ കള്ളപ്പണമിടപാട് കേസിൽ പെരിങ്ങണ്ടൂർ ബാങ്ക് പ്രസിഡന്റിനും കുരുക്ക്. എം.ആർ ഷാജനും ഒന്നാംപ്രതി സതീഷ് കുമാറും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇക്കാര്യം ഷാജൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായും ഇ.ഡി വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.ആർ ഷാജന് വീണ്ടും നോട്ടീസ് നൽകും. ഷാജന്റെ ബിസിനസ് വിവരങ്ങൾ അടക്കം ശേഖരിച്ചാണ് അന്വേഷണം.
കരുവന്നൂർ കള്ളപ്പണ ഇടപാടിൽ കോടതി ഉത്തരവ് പുറത്തുവന്നതോടെ കേസിൽ സി.പി.എം നേതാവ് പി.ആർ അരവിന്ദാക്ഷന്റെ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്. അരവിന്ദാക്ഷന്റെ ബാങ്ക് അക്കൗണ്ട് വഴി വലിയ പണമിടപാട് നടന്നിട്ടുണ്ടെന്നും ഇതിന്റെ ഉറവിടം വിശദീകരിക്കാൻ പ്രതിക്ക് കഴഞ്ഞില്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ഇ.ഡി ഹാജരാക്കിയ തെളിവുകളിൽ നിന്ന് അരവിന്ദാക്ഷന്റെ കേസിലെ പങ്ക് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.
കേസിലെ ഒന്നാം പ്രതി സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മിലുള്ള ഫോൺ സംഭാഷണത്തിൽ പറഞ്ഞ ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യലിലേക്ക് ഇ.ഡി കടക്കും. ഇ.ഡിയുടെ നീക്കം പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്ന കാര്യത്തിൽ അരവിന്ദാക്ഷൻ തീരുമാനമെടുക്കുക.