പ്രവാസി അബൂബക്കർ സിദ്ദീഖിന്റെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ
സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ എത്തിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്.
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ എത്തിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. നാട്ടിലെത്തിയ സിദ്ദീഖ് ആശങ്കകളില്ലാതെയാണ് സംഘത്തിനടുത്തേക്ക് പോയതെന്ന് സഹോദരൻ ഷാഫി മീഡിയവണിനോട് പ്രതികരിച്ചു.
പൈവളിഗയിലെ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. റയീസ്, നൂർഷ, ഷാഫി എന്നിവരാണ് കൊലക്ക് പിന്നിൽ. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വന്നു. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് സിദ്ദീഖിന്റെ സഹോദരൻ അൻവർ, ബന്ധു അൻസാർ എന്നിവരെ പൈവളിഗയിലെ ഒരു സംഘം രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോയിരുന്നു. ഇവരെ ബന്ദികളാക്കിയാണ് സിദ്ദീഖിനെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വിളിച്ചുവരുത്തിയത്. നാട്ടിലെത്തിയ സിദ്ദീഖ് താൻ നിരപരാധിയാണെന്നും പേടിക്കാനൊന്നുമില്ലെന്നും പറഞ്ഞാണ് സംഘത്തിനടുത്തേക്ക് പോയതെന്ന് സഹോദരൻ ഷാഫി മീഡിയവണിനോട് പറഞ്ഞു.
അവശനിലയിലായ സിദ്ദിഖിനെ ഇന്നലെ രാത്രിയോടെ ബന്തിയോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഘം തട്ടിക്കൊണ്ടുപോയ സിദ്ദിഖിൻ്റെ സഹോദരൻ അൻവർ, സുഹൃത്ത് അൻസാർ എന്നിവർ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിദ്ദീഖിൻ്റെ മൃതദേഹം കണ്ണൂർ മെഡിക്കൽ കോളജിൽ വിദഗ്ധ പോസ്റ്റ് മോർട്ടം നടത്തും.