പാർട്ടി ഓഫീസ് താഴിട്ടുപൂട്ടി പ്രവര്‍ത്തകര്‍: കാസർകോട് ബി.ജെ.പിയിലെ തര്‍ക്കങ്ങള്‍ പൊട്ടിത്തെറിയിലേക്ക്
കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി എടുക്കാതെ കെ സുരേന്ദ്രന്‍ സംരക്ഷിക്കുകയാണെന്നാണ് പ്രവർത്തകരുടെ പരാതി.
കാസർകോട് ബി.ജെ.പി പൊട്ടിത്തെറിയിലേക്ക്. സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനെതിരെ പരസ്യ പ്രതിഷേധവുമായി പ്രവർത്തകർ രംഗത്ത് വന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കില്‍ താഴിട്ടുപൂട്ടിയ പാർട്ടി ഓഫീസ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് തന്നെ ബി.ജെ.പിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള ജില്ലയിൽ നേതൃത്വത്തിനെതിരെ പ്രവർത്തകർ പരസ്യമായി രംഗത്ത് വന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകാനൊരുങ്ങുകയാണ് പ്രവർത്തകർ. കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം- ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി എടുക്കാതെ സംസ്ഥാന പ്രസിഡന്‍റ് അവരെ സംരക്ഷിക്കുകയാണെന്നാണ് പ്രവർത്തകരുടെ പരാതി.
സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, സംസ്ഥാന സമിതി അംഗം സുരേഷ് കുമാർ ഷെട്ടി എന്നിവർ കെ. സുരേന്ദ്രനെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി സംശയമുണ്ടെന്ന് പ്രവർത്തകർ സംസ്ഥാന സമിതി അംഗങ്ങൾക്ക് നൽകിയ പരാതിയിൽ പറയുന്നു. സി.പി.എമ്മുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയ നേതാക്കൾക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി തവണ ജില്ല-സംസ്ഥാന നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടാവാത്തതോടെയാണ് പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്നാണ് പ്രവർത്തകർ പറയുന്നത്. കുമ്പള പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ മൂന്നും ബി.ജെ.പിയുടെ ഒന്‍പതും അംഗങ്ങൾ പരസ്പരം സഹകരിച്ചാണ് മത്സരിച്ചത്. ബി.ജെ.പിയുടെ 9 അംഗങ്ങളുടെ പിന്തുണയോടെ സി.പി.എമ്മിലെ കൊഗ്ഗു സ്ഥിരം സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബി.ജെ.പി പ്രവർത്തകനായ വിനു കൊലക്കേസില്‍ കൊഗ്ഗു കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചിരുന്നു. കൊഗ്ഗുവിനെ വിജയിപ്പിക്കാൻ ഒത്തുകളിച്ച ജില്ലാ - സംസ്ഥാന നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതാക്കൾ കൂട്ടത്തോടെ രാജിവെച്ചു. ജില്ലാ ഉപാധ്യക്ഷൻ പി.രമേശ് അടക്കം 20 നേതാക്കളാണ് ഇതുവരെ രാജിവെച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ രാജി വെയ്ക്കുമെന്നാണ് സൂചന.