കോടതി ഇടപെടല്‍; കാസർകോട് സിപിഎം സമ്മേളനം ഇന്ന് രാത്രി തന്നെ അവസാനിപ്പിക്കും

കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് കലക്ടർ വിലക്കേർപ്പെടുത്തിയതും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതും വിമർശനത്തിനിടയാക്കിയിരുന്നു

Update: 2022-01-21 15:17 GMT
Editor : afsal137 | By : Web Desk
Advertising

കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനം ഇന്ന് രാത്രി 10.30ന് അവസാനിപ്പിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ സമ്മേളനം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനിച്ചത്. സംസ്ഥാനത്ത് സമ്മേളനങ്ങൾക്ക് ഹൈക്കോടതി ഇന്ന് വിലക്കേർപ്പെടുത്തിയിരുന്നു. 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്കാണ് ഹൈക്കോടതി വിലക്കേർപ്പെടുത്തിയത്. അതേസമയം രാഷ്ട്രീയ പാർട്ടി സമ്മേളനങ്ങൾക്ക് എന്താണ് പ്രത്യേകതയുള്ളതെന്നും നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും ഹൈക്കോടതി ചോദിച്ചു.

കാസർഗോഡ് ജില്ലയിൽ പൊതു പരിപാടികൾക്ക് കലക്ടർ വിലക്കേർപ്പെടുത്തിയതും പിന്നീട് ഉത്തരവ് റദ്ദ് ചെയ്തതും വിമർശനത്തിനിടയാക്കിയിരുന്നു. സമ്മർദത്തെ തുടർന്ന് മണിക്കൂറുകൾക്കകം തന്നെ ഉത്തരവ് പിൻവലിക്കാൻ കലക്ടർ നിർബന്ധിതനായി. കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് കാസർഗോഡ് സിപിഎം ജില്ലാ സമ്മേളനത്തെ അനിശ്ചിതത്വത്തിലാക്കുകയും ചെയ്തു. പിന്നീട് വിമർശനത്തെ തുടർന്നാണ് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ വെട്ടിച്ചുരുക്കാൻ സംസ്ഥാന നേതൃത്വം ആലോചന നടത്തിയത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനം നാളെ അവസാനിപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഞായാറാഴ്ച്ച സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സിപിഎം സമ്മേളനങ്ങൾ നടക്കുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയതാണ്. സർക്കാർ പറയുന്നതനുസരിച്ചേ സമ്മേളനങ്ങൾ നടത്തുവെന്നും സിപിഎം ഈ വിഷയത്തിൽ യാതൊരു അഭിപ്രായ പ്രകടനവും നടത്തിയിട്ടില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. സി പി എമ്മിന്റെ ആളുകൾക്ക് തന്നെ രോഗം പടർത്തണം എന്ന ആഗ്രഹം സി പി എമ്മിനുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. വിഡി സതീശനെ പോലുള്ള നേതാക്കൾ വസ്തുതകൾ മനസ്സിലാക്കാതെ,സിപിഎമ്മിനെതിരെ ഇത്തരം പ്രസ്താവനകൾ നടത്തരുത്. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്തി ആലപ്പുഴ സമ്മേളന നടത്തിപ്പിനെ കുറിച്ച് ആലോചിക്കും. കോടിയേരി വിശദീകരിച്ചു. കോടിയേരിയെ കൂടാതെ സിപിഎം സമ്മേളനം തുടരുന്നതിനെ ന്യായീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് രംഗത്തെത്തിയിരുന്നു. സി.പി.എം സമ്മേളനങ്ങളിൽ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് കലക്ടർമാരാണന്നും പരാതി വന്നാൽ നടപടികളെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രോട്ടോക്കോൾ പാലിക്കുമെന്ന് നേതാക്കൾ ഉറപ്പുനൽകിയിട്ടുണ്ട്. ഒരു കാറ്റഗറിയിലുംപെടാത്ത ജില്ലകളിൽ മുൻപ് പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ ബാധകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News