ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത് പ്രതിഷേധാര്‍ഹം: കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മീഷന്‍

പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങള്‍ പോലും അനാവശ്യമായി ചര്‍ച്ചക്ക് വെക്കുകയും, സഭാവിരുദ്ധ - ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ഉള്ളവരെ അത്തരം ചര്‍ച്ചകളില്‍ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ലക്ഷ്യമാക്കുന്നത്.

Update: 2021-07-28 13:10 GMT
Advertising

ക്രൈസ്തവരുടെ ആഭ്യന്തര വിഷയങ്ങള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത് മാധ്യമനയം പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി ഐക്യജാഗ്രതാ മിഷന്‍. ഏതാനും വര്‍ഷങ്ങളായി വിവിധ മാധ്യമങ്ങള്‍ അമിത പ്രാധാന്യം കൊടുത്ത് ക്രൈസ്തവരുടെയും കത്തോലിക്കാ സഭയുടെയും ആഭ്യന്തര വിഷയങ്ങള്‍ അന്തി ചര്‍ച്ചകളാക്കി മാറ്റുന്ന പ്രവണതയുണ്ട്. സമീപ കാലങ്ങളില്‍ ആ ശൈലി വര്‍ധിച്ചുവരുന്നതായി കാണാം. വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റ് പല പൊതുവിഷയങ്ങളെയും ലാഘവത്തോടെ മാറ്റിവച്ച് ഇത്തരം വിഷയങ്ങളില്‍ അമിതാവേശത്തോടെ ഇടപെടുന്ന പ്രവണത പ്രതിഷേധാര്‍ഹമാണെന്നും കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പൊതുസമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതില്ലാത്ത വിഷയങ്ങള്‍ പോലും അനാവശ്യമായി ചര്‍ച്ചക്ക് വെക്കുകയും, സഭാവിരുദ്ധ - ക്രൈസ്തവ വിരുദ്ധ നിലപാടുകള്‍ ഉള്ളവരെ അത്തരം ചര്‍ച്ചകളില്‍ പ്രധാന പ്രഭാഷകരായി നിശ്ചയിക്കുകയും ചെയ്യുന്നതുവഴി ക്രൈസ്തവ വിരുദ്ധത പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍ ലക്ഷ്യമാക്കുന്നത്. കത്തോലിക്കാസഭയുടെ ഔദ്യോഗിക പ്രതിനിധികള്‍ എന്ന വ്യാജേന മറ്റു ചിലരെ ഇത്തരം ചര്‍ച്ചകളില്‍ അവതരിപ്പിക്കുന്നതും പതിവാണ്. വിവിധ വിഷയങ്ങളിലുള്ള ക്രൈസ്തവ - കത്തോലിക്കാ നിലപാടുകള്‍ തെറ്റിദ്ധരിക്കപ്പെടുന്നതിന് ഇത്തരം ദുഷ്ടലാക്കോടുകൂടിയ മാധ്യമ ഇടപെടലുകള്‍ കാരണമായിട്ടുണ്ട്.

പാലാ രൂപത കഴിഞ്ഞദിവസം സദുദ്ദേശ്യത്തോടെ മുന്നോട്ടുവച്ച ആശയത്തെ വളച്ചൊടിക്കാനും, അതുവഴി സഭയെയും രൂപതാധ്യക്ഷനെയും അധിക്ഷേപിക്കാനും ചില മാധ്യമങ്ങള്‍ പ്രകടിപ്പിച്ച ആവേശം ഇത്തരം കാര്യങ്ങളിലുള്ള അവിഹിതമായ മാധ്യമ ഇടപെടലുകള്‍ക്ക് ഉദാഹരണമാണ്. ഉത്തരവാദിത്തത്തോടെ കൂടുതല്‍ കുട്ടികളെ വളര്‍ത്താന്‍ തയ്യാറുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒട്ടുമിക്ക ലോക രാജ്യങ്ങളുടെയും കത്തോലിക്കാ സഭയുടെയും പൊതുവായ നയമാണ്. എക്കാലവും, കേരളസമൂഹത്തിനും ലോകത്തിനും അനുഗ്രഹവും, മുതല്‍കൂട്ടുമായി മാറിയിട്ടുള്ള കേരളത്തിലെ ക്രൈസ്തവര്‍ ജനസംഖ്യ കുറഞ്ഞ് ദുര്‍ബല സമൂഹമായി മാറിക്കൊണ്ടിരിക്കുന്നതിന്റെ ദോഷം മനസിലാക്കുന്ന അനേകര്‍ ഈ സമൂഹത്തില്‍ ഉണ്ടായിരിക്കെ തന്നെയാണ്, ജനസംഖ്യാ വര്‍ധനവിന്റെ പേര് പറഞ്ഞ് പാലാ മെത്രാന്റെ നിര്‍ദേശത്തെ ചിലര്‍ അപഹാസ്യമായി അവതരിപ്പിക്കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു.




 


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News