ബജറ്റ് സമ്മേളനത്തിന് തുടക്കം; ഗവർണർ നയപ്രഖ്യാപനം നടത്തുന്നു
സർക്കാറും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു.
തിരുവനന്തപുരം: 15-ാം നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. റിസവർവ് ബാങ്കിന്റെ കണക്ക് പ്രകാരം കേരളം മികച്ച സാമ്പത്തിക വളർച്ച നേടിയെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് തൊഴിൽ നൽകുന്നതിൽ കേരളം നാലാംസ്ഥാനത്താണ്. വ്യവസായങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ ലഘൂകരിക്കും. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും നയപ്രഖ്യാപനത്തിൽ പറഞ്ഞു.
രാവിലെ ഒമ്പത് മണിയോടെ സഭയിലെത്തിയ ഗവർണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സ്വീകരിച്ചു. സർക്കാറും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണർ സർക്കാർ ഭായ് ഭായ്, ഇടനിലക്കാർ സജീവം ഗവർണർ-സർക്കാർ ഒത്തുകളി, ആർ.എസ്.എസ് നോമിനിയുമായി സർക്കാർ ഒത്തുതീർപ്പുണ്ടാക്കി, എൽ.ഡി.എഫ്-ബി.ജെ.പി-ഗവർണർ കൂട്ടുകെട്ടിന്റെ ലക്ഷ്യമെന്ത് തുടങ്ങിയ കാര്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.