നിയമസഭ കയ്യാങ്കളി കേസ്; തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും
വിടുതൽ ഹരജിക്കെതിരെ രമേശ് ചെന്നിത്തല തടസ ഹരജി നൽകിയേക്കും.
നിയമസഭ കയ്യാങ്കളി കേസ് തിരുവനന്തപുരം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. മന്ത്രി വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിൽ പ്രതികൾ. പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും കോടതിയിൽ വിടുതൽ ഹരജി നൽകിയിരുന്നെങ്കിലും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ ഹരജി അപ്രസക്തമാകും. വിടുതൽ ഹരജിക്കെതിരെ രമേശ് ചെന്നിത്തല തടസ ഹരജി നൽകിയേക്കും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ ഉടൻ നിയമിക്കുമെന്നാണ് സൂചന.
കേസിൽ സർക്കാരിന്റെ ഹരജി തളളിയ സുപ്രീംകോടതി, മന്ത്രി വി.ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.
2015ല്‍ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് എല്‍.ഡി.എഫ് എം.എല്‍.എമാര്‍ കയ്യാങ്കളി നടത്തി സ്പീക്കറുടെ ഡയസുള്‍പ്പെടെ അടിച്ചുതകര്‍ത്തത്. വാദത്തിനിടെ, കെ.എം.മാണി അഴിമതിക്കാരനാണെന്ന പരാമർശം സംസ്ഥാന സർക്കാരിന്‍റെ അഭിഭാഷകൻ നടത്തിയതും വിമർശനത്തിനിടയാക്കിയിരുന്നു.