എങ്ങെങ്ങും ആഘോഷം,സന്തോഷം; ബലി പെരുന്നാള്‍ ആഘോഷിച്ച് വിശ്വാസികള്‍
ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു
കോഴിക്കോട്: പ്രവാചകൻ ഇബ്രാഹിമിന്‍റെയും കുടുംബത്തിന്‍റെയും ത്യാഗത്തിന്‍റെ ഓര്‍മ്മകള്‍ പുതുക്കി ഇസ്‍ലാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നു. ഈദ്ഗാഹുകളിലും പള്ളികളിലും പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പലയിടങ്ങളിലും ഈദ്ഗാഹുകള്‍ ഒഴിവാക്കിയിരുന്നു.
മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഈദ് ഗാഹുകള്‍ ഉണ്ടായിരുന്നില്ല. മഴ മാറി നിന്ന അന്തരീക്ഷത്തില്‍ തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ നിരവധി പേർ പങ്കെടുത്തു. പാളയം ഇമാം വി.പി സുഹൈബ് മൗലവിയാണ് പെരുന്നാൾ നമസ്കാരത്തിന് കാർമികത്വം വഹിച്ചത്. പൂന്തുറ മണക്കാട് തുടങ്ങിയിടങ്ങളിലും ഈദ്ഗാഹുകൾ നടന്നു.
കോഴിക്കോട് സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ഈദ്ഗാഹിന് വിസ്ഡം കേന്ദ്ര കൗൺസിൽ അംഗം റഷീദ് കുട്ടമ്പൂർ നേതൃത്വം നൽകി. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കൊണ്ടോട്ടി വെളുത്താളിൽ ജുമാ മസ്ജിദിൽ ഈദ് നമസ്കാരത്തിൽ പങ്കെടുത്തു. മുസ്‍ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ , മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ പാണക്കാട് ജുമാ മസ്ജിദിലും നമസ്കാരത്തിൽ പങ്കാളികളായി . ജമാഅത്തെ ഇസ്‍ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് ശാന്തപുരം മസ്ജിദിലെ ഈദ് നമസ്കാരത്തിന് നേതൃത്വം നൽകി.
കാലാവസ്ഥ പ്രതികൂലമായതിനാൽ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഇത്തവണ ഈദ് ഗാഹ് ഉണ്ടായിരുന്നില്ല. കളമശ്ശേരി പാർക്ക് വേ ടർഫിൽ ഈദ് ഗാഹിന് ഉമ്മർ മുഹമ്മദ് മദീനി നേതൃത്വം നൽകി. എറണാകുളം സെൻട്രൽ ജുമാ മസ്ജിദ്, കലൂർ എസ്.ആർ.എം റോഡ് തോട്ടത്തുപടി ജുമാ മസ്ജിദ് എന്നിവിടങ്ങളിലും ഈദ് നമസ്കാരം നടന്നു. തൃശൂർ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിലെ പെരുന്നൾ നമസ്കാരത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പങ്കെടുത്തു.
കൊല്ലം ബീച്ചിൽ നടന്ന ഈദ് ഗാഹിന് സുബൈർ പീടിയേക്കൽ നേതൃത്വം നൽകി. സംസ്ഥാനത്ത് മറ്റിടങ്ങളിൽ പള്ളികളിൽ നടന്ന നമസ്കാരത്തിന് പ്രമുഖർ നേതൃത്വം നൽകി. നമസ്കാരത്തിന് ശേഷം പരസ്പരം ആലിംഗനം ചെയ്ത് പെരുന്നാളിന്‍റെ സാഹോദര്യം കൈമാറി.