ചിറകടിച്ച് ചിക്കന്‍ വില; ലഗോണും കാടയും പൊള്ളും
വേനലിന്‍റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി
സംസ്ഥാനത്ത് കോഴി ഇറച്ചി വില കുതിച്ചുയരുന്നു. ഒരാഴ്ചക്കിടെ കിലോയ്ക്ക് 50 രൂപയാണ് വർധിച്ചത്. വേനലിന്‍റെ വരവോടെ പ്രാദേശിക കോഴി ഫാമുകള്‍ അടച്ചുപൂട്ടിയതും പ്രതിസന്ധിക്ക് കാരണമായി.
കോഴിക്കോട് ഒരാഴ്ച മുമ്പ് കിലോക്ക് 180 രൂപ വിലയുണ്ടായിരുന്ന ബ്രോയിലര്‍ കോഴിയിറച്ചിയുടെ ഇന്നത്തെ വില 230 രൂപയാണ്. ലഗോണ്‍ വില 190 രൂപയും സ്പ്രിംഗ് ചിക്കന് 210 രൂപയുമായി ഉയര്‍ന്നു. കാടയുടെ വിലയും ഒന്നിന് 20 രൂപ വീതം ഉയര്‍ന്നിട്ടുണ്ട്. പ്രദേശിക കോഴിഫാമുകള്‍ പലതും നിത്തിയതോടെ തമിഴ്നാട്ടിലെ ഫാമുകളെ മാത്രം ആശ്രയിക്കേണ്ടി വന്നതാണ് കോഴി വില കുതിച്ചുയരാന്‍ കാരണമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
വേനലിന്‍റെ തുടക്കത്തില്‍ തന്നെ കോഴിക്കോട് ജില്ലയില്‍ മാത്രം 191 പൌള്‍ട്രി ഫാമുകളാണ് അടച്ചു പൂട്ടിയത്. അയല്‍ സംസ്ഥാനത്ത് നിന്നുള്ള ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് വര്‍ധന കൂടി വിലക്കയറ്റത്തിന് കാരണമായി. കോഴിവില കൂടിയതോടെ ഇറച്ചിക്ക് ആവശ്യക്കാരും കുറഞ്ഞു. കുറഞ്ഞ അളവിലാണ് പലരും കോഴി ഇറച്ചി വാങ്ങുന്നത്.