സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് നീട്ടി
ഈ മാസം ഇരുപതിലേക്കാണ് കോളേജ് തുറക്കുന്നത് നീട്ടിയത്
സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്നത് ഈ മാസം ഇരുപതിലേക്കു മാറ്റി. അതിശക്തമായ മഴയുടെ പശ്ചാത്തലത്തിലാണ് കോളജ് തുറക്കുന്നത് നീട്ടിയത്.
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കനത്ത മഴ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതുവരെ അഞ്ചുപേരാണ് സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചത്. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.കാണാതായ 12 പേരില്‍ മൂന്നു പേരുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഒരു കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ഇടുക്കിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. ഒഴുക്കില്‍പ്പെട്ട കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞാറിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. ഒരു സ്ത്രീയുടെ മൃതദേഹമാണ് മുമ്പ് തന്നെ കാറില്‍ നിന്ന് കണ്ടെടുത്തിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് മലമ്പുഴ ഡാം തുറന്നു. ഡാം തുറന്നതിന്റെ പശ്ചാത്തലത്തില്‍ ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.സംസ്ഥാനത്ത് അഞ്ചു ജില്ലകളില്‍ റെഡ് അലേര്‍ട്ട്. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുള്‍പൊട്ടി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂര്‍ സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശമുണ്ട്. തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും.
ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. പത്തനംതിട്ടയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ഇടിയോടു കൂടി മഴ പെയ്യുകയാണ്. കക്കി - ആനത്തോട് ഡാം തുറക്കുന്നത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റി യോഗത്തിന് ശേഷം തീരുമാനമെടുക്കും. ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട് തുടരുകയാണ്. രാത്രികാല യാത്രാനിരോധനം ഈ മാസം 20 വരെ നീട്ടി.കൊല്ലം ജില്ലയുടെ വിവിധ മേഖലകളില്‍ കനത്ത മഴയാണ്. തെന്മല ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതിനാല്‍ കല്ലടയാറ്റിലെ ജലനിരപ്പ് ഉയരുകയാണ്. അഞ്ചല്‍ ആയൂര്‍ പാതയില്‍ റോഡ് തകര്‍ന്നു. റോഡ് നിര്‍മാണം നടക്കുന്ന പെരിങ്ങള്ളൂര്‍ ഭാഗത്താണ് മണ്ണിടിഞ്ഞുവീണ് റോഡ് തകര്‍ന്നത്. ഗതാഗതം തടസ്സപ്പെട്ടു. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ഇടപ്പാളയം ഭാഗത്ത് മരം കടപുഴകിവീണ് റോഡ് തകര്‍ന്നു. മണ്ണ് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.