സംസ്ഥാനത്തെ കോവിഡ് വ്യാപനം; ആശങ്ക വേണ്ട, ജാഗ്രത തുടരണം
കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദേശം
തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്ന നിർദേശവുമായി സർക്കാർ. എന്നാൽ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ സ്ഥിതിഗതികൾ ആരോഗ്യ മന്ത്രി വീണാ ജോർജ് മന്ത്രിസഭാ യോഗത്തിൽ വിശദീകരിച്ചു.
കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജില്ലകൾ തോറും ജാഗ്രത കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്തു വരുന്നു. സംസ്ഥാനത്ത് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. ആശുപത്രി സജ്ജീകരണങ്ങൾക്കായി ജില്ലകളും ആശുപത്രികളും സർജ് പ്ലാൻ തയ്യാറാക്കണം. കോവിഡ് രോഗികൾ വർധിക്കുന്നത് മുന്നിൽ കണ്ട് ഐസിയു, വെന്റിലേറ്റർ ആശുപത്രി സംവിധാനങ്ങൾ കൂടുതൽ മാറ്റിവയ്ക്കാനും മന്ത്രി നിർദേശം നൽകി. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാൻ ജിനോമിക് പരിശോധനകൾ വർധിപ്പിക്കും. മെഡിക്കൽ കോളേജുകളിൽ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാൻ കെ.എം.എസ്.സി.എല്ലിന് നിർദേശം നൽകി.
കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. കോവിഡ് പ്രതിരോധത്തിന് മാസ്‌ക് ധരിക്കേണ്ടതാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. അവർ പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണം.