'കേന്ദ്രം കേരളത്തിനു നൽകേണ്ട അർഹമായ തുക വെട്ടിക്കുറക്കുന്നു'; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി ബാലഗോപാൽ
കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിച്ചു പറയുന്നുണ്ടെന്നും സംസ്ഥാനം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു
തിരുവനന്തപുരം: കേന്ദ്രധനമന്ത്രിക്ക് മറുപടിയുമായി മന്ത്രി കെ.എൻ ബാലഗോപാൽ. കേന്ദ്രം നൽകേണ്ട അർഹമായ തുക വെട്ടിക്കുറക്കുന്നതാണ് കേരളം ഉന്നയിക്കുന്ന പ്രശ്‌നമെന്ന് ബാലഗോപാൽ പറഞ്ഞു. കുടിശ്ശികയുടേതോ അനുവദിക്കുന്നതിലെ കാലതാമസത്തിന്റെയോ പ്രശ്‌നമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്രസർക്കാർ സമയത്തിന് പണം നൽകുന്നില്ലെന്ന് കേരളം ആവർത്തിച്ചു പറയുന്നുണ്ടെന്നും സംസ്ഥാനം കൃത്യസമയത്ത് രേഖകൾ ഹാജരാക്കാറില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാൻ എ.ജി സാക്ഷ്യപ്പെടുത്തിയ രേഖ കേരളം സമർപ്പിക്കാറില്ലെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ, 750 കോടി രൂപയുടെ ഒരു ഗഡു ജി.എസ്.ടി നഷ്ടപരിഹാരം മാത്രമാണ് ഇനി ലഭിക്കാനുള്ളതെന്ന് ബാലഗോപാൽ പറഞ്ഞു.
2017 മുതൽ കേരളം ഇക്കാര്യത്തിൽ വീഴ്ചവരുത്തുകയാണ്. ഒരു വർഷം പോലും രേഖകൾ കൃത്യമായി സമർപ്പിക്കാതെ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണെന്ന് നിർമല സീതാരാമൻ വിമർശിച്ചു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൻ.കെ പ്രേമചന്ദ്രൻ എം.പിയാണ് ഇന്നലെ പാർലമെൻറിൽ ഉന്നയിച്ചത്. ഇതിനു മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
Summary: 'Centre cuts due share to Kerala'; Kerala finance minister KN Balagopal's reply to the Union Minister Nirmala Sitharaman