ലോക കേരള സഭ നടത്തിപ്പിന് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ
സമ്മേളന ചെലവിനായി ഒരു കോടി രൂപയും ലോക കേരള സഭയിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനും സഭ സെക്രട്ടറിയേറ്റിനുമായി ഒരു കോടിരൂപയുമാണ് അനുവദിച്ചത്.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭ നടത്തിപ്പിന് സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു. സമ്മേളന ചെലവിനായി ഒരു കോടി രൂപയും ലോക കേരള സഭയിലെ ശുപാർശകൾ നടപ്പിലാക്കുന്നതിനും സഭ സെക്രട്ടറിയേറ്റിനുമായി ഒരു കോടിരൂപയുമാണ് അനുവദിച്ചത്. ലോകകേരള സഭ ഒരു ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് നാലാം സമ്മേളന നടത്തിപ്പിനായി സര്‍ക്കാര്‍ രണ്ടുകോടി മാറ്റിവയ്ക്കുന്നത്.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന അംഗങ്ങള്‍ക്ക് മൂന്നുദിവസം തിരുവനന്തപുരത്ത് താമസിക്കാന്‍ 25 ലക്ഷം രൂപ. ഭക്ഷണത്തിന് പത്തുലക്ഷം. സമ്മേളനത്തിനുള്ള പന്തല്‍ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം രൂപ. യാത്രയ്ക്ക് പണം ആവശ്യമുള്ളവര്‍ക്കായി നീക്കിയിരിപ്പ് അഞ്ചുലക്ഷം രൂപ. അടിയന്തിര ആവശ്യങ്ങള്‍ക്ക് 13 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 5 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്.
ജൂൺ 13 മുതൽ 15 ലോക കേരള സഭ സമ്മേളനം നടക്കുക. സമ്മേളനത്തില്‍ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎല്‍എമാരും സംസ്ഥാനത്തുനിന്നുള്ള എംപിമാരും ഉള്‍പ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരള സഭയിൽ പങ്കെടുക്കുക.