ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ പഴുതുകളടച്ച് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നീക്കം

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തെ കുറിച്ച് പഠിക്കും

Update: 2022-11-17 01:04 GMT
Advertising

തിരുവനന്തപുരം: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ പഴുതുകളടച്ച് തയ്യാറാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള നിയമം കൊണ്ടുവന്ന സംസ്ഥാനങ്ങളിലെ കാര്യങ്ങള്‍ പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. 

കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍ എത്തിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നിയമസഭ വിളിച്ച് ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബില്‍ കൊണ്ടുവരുമ്പോള്‍ ഗവര്‍ണര്‍ എതിര്‍ക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പഴുതുകളടച്ച് നിയമം തയ്യാറാക്കാനാണ് സര്‍ക്കാര്‍ നീക്കം.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റിയ പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിയമനിര്‍മാണത്തെ കുറിച്ചും അവിടുത്തെ സാഹചര്യങ്ങളെ കുറിച്ചുമാണ് പഠിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റായിക്കാണ് പഠന ചുമതല നല്‍കിയിരിക്കുന്നത്. പഠന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും നിയമനിര്‍മാണത്തിലേക്ക് കടക്കുക.

ബില്‍ നിയമസഭ പാസ്സാക്കിയാലും ഗവര്‍ണര്‍ അതില്‍ ഒപ്പിട്ടാലേ നിയമമാകൂ എന്നത് കൊണ്ട് സര്‍ക്കാരിന് അക്കാര്യത്തില്‍ ആശങ്കയുണ്ട്. ഒപ്പിട്ടില്ലെങ്കില്‍ നിയമവഴി തേടാനുള്ള തീരുമാനവും ഉണ്ട്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാനും സര്‍ക്കാര്‍ തലത്തില്‍ ധാരണയായി. ഡിസംബര്‍ അഞ്ചിന് തുടങ്ങുന്ന നിയമസഭ സമ്മേളനം 15ഓടെ അവസാനിപ്പിച്ച് ക്രിസ്മസിന് ശേഷം പുനരാരംഭിച്ച് ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. ഇതിനിടയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നുണ്ട്.

അതേസമയം രാജ് ഭവനില്‍ എത്തിയ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കിയുള്ള ഓര്‍ഡിനന്‍സില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. നിയമസഭാ സമ്മേളനം വിളിച്ചതോടെ ഓര്‍ഡിനന്‍സിന്‍റെ പ്രസക്തി നഷ്ടമായിട്ടുണ്ട്. സഭാ സമ്മേളനം ചേരാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ഗവര്‍ണര്‍ വൈകാതെ അനുമതി നല്‍കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News