കേരളത്തിന് കേന്ദ്രത്തിന്റെ പ്രളയ സഹായമില്ല; ഐഎംസിടി റിപ്പോർട്ടിനു ശേഷമെന്ന് വിശദീകരണം
കേരളം വിശദമായ മെമ്മോറാണ്ടം നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല
ഡൽഹി: പ്രളയ സഹായ പ്രഖ്യാപനത്തിൽ കേരളത്തെ അവഗണിച്ച് കേന്ദ്രം. ഗുജറാത്തിന് 600കോടി, മണിപ്പൂരിനു 50 കോടി, ത്രിപുരക്ക് 25കോടി എന്നിങ്ങനെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേരളത്തിന് സഹായം നൽകാതിരുന്നത്. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി ഇൻ്റർ മിനിസ്റ്റീരിയൽ സെൻട്രൽ ടീമുകളെ (IMCT) നിയോഗിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര വിശദീകരണം. ഐഎംസിടി റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം സഹായം നൽകുന്നതിൽ തീരുമാനം ഉണ്ടാകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വയനാട് ദുരന്തത്തിൽ ഉൾപ്പെടെ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നൽകിയിട്ടുണ്ടെങ്കിലും തുടർ നടപടിയുണ്ടായിട്ടില്ല. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ കേന്ദ്ര സംഘവും കേരളത്തിലെത്തിയിരുന്നു. കേന്ദ്ര സംഘത്തിൻറെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം പിന്നിട്ടിട്ടും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമർശനം ഉയരുന്നതിനിടെയാണ് മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ സഹായം കേന്ദ്രം പ്രഖ്യാപിച്ചത്.