ഹാദിയയെ കാണാനില്ലെന്ന് അച്ഛന്‍റെ ഹേബിയസ് കോര്‍പസ്: ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും നോട്ടിസ്
ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: ഡോ. ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്റെ ഹേബിയസ് കോർപസ് ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും കോടതി നോട്ടിസ് അയച്ചിരിക്കുകയാണ്. ഹരജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മകളെ കാണാനില്ലെന്നും മലപ്പുറം സ്വദേശിയായ സൈനബ അടക്കമുള്ളവർ തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് അശോകന്റെ ഹേബിയസ് കോർപസ് ഹരജി. ആഴ്ചകളായി മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ്. മലപ്പുറം ഒതുക്കുങ്ങലിലുള്ള ക്ലിനിക്ക് പൂട്ടിയ നിലയിലാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം, അച്ഛനെ ഇപ്പോഴും സംഘ്പരിവാർ ആയുധമാക്കുകയാണെന്ന് ഹാദിയ മീഡിയവണിനോട് പ്രതികരിച്ചിരുന്നു. ഇപ്പോൾ പുനർവിവാഹിതയായി ഭർത്താവിനൊപ്പം തിരുവനന്തപുരത്താണു കഴിയുന്നതെന്നും അക്കാര്യം അച്ഛനും പൊലീസ് ഉദ്യോഗസ്ഥർക്കുമെല്ലാം അറിയുമെന്നും അവർ പറഞ്ഞു. താനിപ്പോഴും മുസ്ലിമാണെന്നും സുരക്ഷിതയാണെന്നും ഹാദിയ വ്യക്തമാക്കി.
ഇസ്ലാംമതം സ്വീകരിച്ചിട്ട് എട്ടുവർഷമായി. തുടക്കം മുതൽ എന്നെ ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ അച്ഛന്റെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളുണ്ടാകുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. അച്ഛനെ ഇപ്പോഴും സംഘ്പരിവാർ തങ്ങളുടെ ആയുധമായി ഉപയോഗിക്കുകയാണ്. അച്ഛൻ അതിനു നിന്നുകൊടുക്കുന്നുവെന്നത് സങ്കടകരമാണ്. അച്ഛനും അമ്മയുമായി ഫോണിലും മറ്റും നിരന്തരം ആശയവിനിമയം നടക്കുന്നുണ്ട്. എന്നിട്ടും അച്ഛൻ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കേസ് കൊടുക്കുകയാണെന്നും ഹാദിയ മീഡിവണിനോട് വെളിപ്പെടുത്തിയിരുന്നു.
Summary: The Kerala High Court accepted the habeas corpus plea of father Ashokan that Dr Hadiya was missing. The court has sent notices to DGP and Malappuram SP in the case