'മന്ത്രി കെ രാധാകൃഷ്‌ണന്‌ നേരിടേണ്ടിവന്ന ജാതി വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നു'; സി.പി.എം

ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു

Update: 2023-09-19 15:57 GMT
Advertising

തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‌ ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന്‌ സി.പി.എം. 

'കേരളത്തില്‍ ഒരുകാലത്ത്‌ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ്‌ ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്‌. ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്‌. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്‌. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിൽ മന്ത്രി രാധാകൃഷ്‌ണനോടുണ്ടായ ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണം' എന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

ക്ഷേത്ര പരിപാടിയില്‍ ജാതിവിവേചനം നേരിട്ടെന്ന് പട്ടികജാതി വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കോട്ടയത്ത് നടന്ന ഭാരതീയ വേലൻ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിലാണ് ക്ഷേത്രത്തിന്റെ പേരും സ്ഥലവുമൊന്നും വെളിപ്പെടുത്താതെ മന്ത്രി തുറന്നുപറച്ചിൽ നടത്തിയത്. ചടങ്ങിൽ പൂജാരിമാർ വിളക്ക് കൊളുത്തിയ ശേഷം തനിക്കു തരാതെ നിലത്ത് വച്ചു. അതേ വേദിയിൽ വച്ചു തന്നെ ജാതിവിവേചനത്തിനെതിരെ പ്രതികരിച്ചെന്നും മന്ത്രി വെളിപ്പെടുത്തി.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News