'കേരളം നിക്ഷേപ സൗഹൃദം, അല്ലെങ്കിൽ ഞാൻ ഇൻവസ്റ്റ് ചെയ്യില്ലല്ലോ'; പിന്നോട്ടില്ലെന്ന് എംഎ യൂസഫലി

"ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാൻ. കേരളത്തിൽ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെവിടെയുമില്ല"

Update: 2021-12-05 10:52 GMT
Editor : abs | By : Web Desk
Advertising

കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണ് എന്നും മറിച്ചുള്ള പ്രചാരണങ്ങൾ ശരിയല്ലെന്നും വ്യവസായി എംഎ യൂസഫലി. 25000 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്തുടനീളം തന്റെ പദ്ധതികൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'പ്രചാരണം (കേരളത്തെ കുറിച്ചുള്ള) എന്തായാലും, ഞാൻ കേരളത്തിൽ നിക്ഷേപമിറക്കുന്നതിൽ നിന്ന് പിന്നോട്ടു പോകുന്നയാളല്ല. കേരളം എന്റെ സംസ്ഥാനമാണ്. ഇവിടത്തെ ജനങ്ങൾക്ക് ഉപകാരപ്രദമായ പദ്ധതികൾ ഉണ്ടാകണം. അത് മലിനീകരണ രഹിതമായിരിക്കണം. പരിസ്ഥിതി സൗഹൃദമാകണം. ആരെന്ത് പറയുന്നു എന്ന് ഞാൻ നോക്കാറില്ല. ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാൻ. കേരളത്തിൽ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെവിടെയുമില്ല. ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഉണ്ടായിരിക്കൊണ്ടിരിക്കുന്ന ഇന്നൊവേഷൻ, ട്രാൻസ്‌ഫോമേഷൻ നിക്ഷേപ സൗഹൃദമാണ്. കേരളം ഒട്ടുംപിറകില്ല. കേരളം നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കിൽ ഞാൻ നിക്ഷേപമിറക്കില്ലല്ലോ. ജോലി കൊടുക്കുന്ന പ്രക്രിയയാണ് നിക്ഷേപം. അതിൽ നിന്ന് ഞാൻ പിറകോട്ട് പോകില്ല.'- യൂസഫലി പറഞ്ഞു.

'തിരുവനന്തപുരത്തെ ഷോപ്പിങ് മാൾ ഡിസംബർ 16ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, യുഎഇയുടെ കാബിനറ്റ് കൊമേഴ്‌സ് എകോണമി മിനിസ്റ്റർ അബ്ദുല്ല തൗഖ്, യുഎഇ അംബാസഡർ, ഇന്ത്യയിലെ സൗദി അംബാസഡർ, മന്ത്രി വി മുരളീധരൻ തുടങ്ങിയവർ പങ്കെടുക്കും. 17ന് പൊതുജനത്തിന് തുറന്നു കൊടുക്കും. തലസ്ഥാനത്ത് എന്റെ സ്വപ്‌ന പദ്ധതിയാണത്. ഇനിയും കേരളത്തിൽ ഒരുപാട് പദ്ധതികൾ ആരംഭിക്കും. 25000 ആളുകൾക്ക് ഞാൻ തൊഴിൽ നൽകാനുള്ള വാഗ്ദാനം ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള പദ്ധതിയാണിത്. അതിനു ശേഷം തിരുവനന്തപുരത്തെ ഹയാത്ത് ആരംഭിക്കും. കോഴിക്കോട്ടെ ഷോപ്പിങ് മാളിന്റെ ജോലി ആരംഭിച്ചിട്ടുണ്ട്.' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News