'കേരളം പാകിസ്താൻ തന്നെ': മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം ആവർത്തിച്ച് ബിജെപി സംസ്ഥാന സമിതിയംഗം എസ്. ജയസൂര്യൻ
''മലപ്പുറത്ത് തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിച്ചിട്ട് പറ ഇത് പാകിസ്താനല്ലെന്ന്, അല്ലാത്തിടത്തോളം കാലം ആയിരം തവണ ഞാൻ പറയും ഇത് പാകിസ്താൻ തന്നെയാണ്''
കോഴിക്കോട്: കേരളം മിനി പാകിസ്താനാണെന്ന മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പ്രസംഗം ശരിവെച്ച് ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. എസ് ജയസൂര്യൻ. നിതീഷ് റാണെ പറഞ്ഞത് വെളിവുകേട് അല്ലെന്നും യാഥാർത്ഥ്യമാണെന്നും ജയസൂര്യൻ പറഞ്ഞു.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ ജന്മനാടായ മലപ്പുറത്ത് അനുവാദമില്ലാത്തിടത്തോളം കാലം കേരളം പാകിസ്താൻ തന്നെയാണെന്ന് ജയസൂര്യൻ പറഞ്ഞു. ട്വന്റിഫോർ ന്യൂസ് ചാനലിന്റെ എൻകൗണ്ടർ പ്രൈമിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാൻ ഇവിടെ അനുവദിക്കാത്തത് ഇത് പാകിസ്താനായതുകൊണ്ടാണ്. കേരളത്തെക്കുറിച്ച് അഭിമാനമുണ്ടെങ്കിൽ അതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ പ്രതിമ സ്ഥാപിക്കണം. അദ്ദേഹത്തിന്റെ ജന്മനാട്ടിൽ പ്രതിമ സ്ഥാപിച്ചിട്ട് പറ ഇത് പാകിസ്താൻ അല്ലെന്ന്. അല്ലാത്തിടത്തോളം കാലം ആയിരം തവണ ഞാൻ പറയും ഇത് പാകിസ്താനാണ്'- അദ്ദേഹം പറഞ്ഞു.
അതേസമയം പറയുന്ന വെളിവുകേടിന്റെ ആഴം താങ്കൾക്ക് ബോധ്യമുണ്ടോ എന്ന് അവതാരകൻ ചോദിക്കുമ്പോൾ നല്ല ബോധ്യത്തോട് തന്നെയാണ് തന്റെ മറുപടി എന്നാണ് ജയസൂര്യൻ പറയുന്നത്. രാജ്യദ്രോഹമാണ് താങ്കൾ പറയുന്നതെന്ന് അവതാരകൻ ഓർമിപ്പിച്ചപ്പോള്‍ അതൊന്നും ജയസൂര്യന്‍ വകവെക്കുന്നില്ല. തുടര്‍ന്നും കേരളം പാകിസ്താൻ തന്നെയാണെന്നാണ് ജയസൂര്യൻ ആവർത്തിച്ച് പറയുന്നത്.
എസ്ഡിപിഐയാണ് നിങ്ങള്‍ക്ക് പ്രശ്നമെങ്കില്‍ അവരുടെ വോട്ട് കിട്ടിയിട്ടുണ്ടെന്ന തൃശൂര്‍ ബിജെപി എംപി സുരേഷ് ഗോപിയുടെ പ്രതികരണം സ്‌ക്രീനിൽ പ്ലേ ചെയ്തപ്പോൾ, എസ്ഡിപിഐയുടെ വോട്ടും വാങ്ങും അതിൽ ഒരു സംശയമില്ലെന്നും ജയസൂര്യൻ പറയുന്നുണ്ട്. പാകിസ്താനിൽ ജീവിക്കാൻ താങ്കൾക്ക് നാണമുണ്ടോ എന്ന ചോദ്യത്തിന് ഒരു നാണവുമില്ലെന്നും ഇവിടെ ഇരുന്നുകൊണ്ട് തന്നെ 'പാകിസ്താനെ' ശുദ്ധീകരിക്കുമെന്നും ജയസൂര്യൻ പറയുന്നു.
'പാകിസ്താനിൽ കാണുന്ന തീവ്രവാദ നിലപാടുകൾക്കെല്ലാം പിന്തുണ കിട്ടുന്ന സംസ്ഥാനമാണ് കേരളം. പാകിസ്താൻ ഏതൊക്കെ തരത്തിലുള്ള തീവ്രവാദ നിലപാടുകളെ സ്വാഗതം ചെയ്യുന്നോ അതിനൊക്കെ കേരളം പിന്തുണക്കുന്നു. അതിനാൽ തന്നെ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ പരാമർശം കേരളത്തിന്റെ യഥാർത്ഥ ചിത്രം പുറത്തുകൊണ്ടുവരുന്നതാണ്. കേരളത്തിൽ ഏത് ഭീകര പ്രസ്ഥാനത്തിനും പിന്തുണ കിട്ടും. അതിനൊക്കെ ഇവിടുത്തെ മാധ്യമങ്ങൾ വരെ പിന്തുണയുമായി രംഗത്തിറങ്ങും. കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം ആ വിധത്തിൽ ആക്കിത്തീർത്തിട്ടുണ്ട്'- ജയസൂര്യന്‍ പറഞ്ഞു.