കോവിഡ് വ്യാപനം രൂക്ഷം; വാക്സിനേഷന്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പ്
തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. തുടര്‍ച്ചയായ ഏഴാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ തന്നെ തുടരുകയാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും വർധനവുണ്ട്.. അതേ സമയം വാക്സിനേഷന്‍ ഊര്‍ജിതമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് തുടങ്ങി.
നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും രോഗവ്യാപനം കുറവില്ലാതെ തുടരുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 10 ശതമാനത്തിന് താഴേക്ക് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പോകാത്തതും പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും ആരോഗ്യ വകുപ്പിന് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു. 10. 36 ആയിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 15600 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ചികിൽസയിലുള്ളവരുടെ എണ്ണം ഇപ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ്.കൂടാതെ 148 മരണം കൂടി സ്ഥിരീകരിച്ചതോടെ മരണസംഖ്യ 14000 കവിഞ്ഞു. 14108 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അതേസമയം വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രോഗവ്യാപനത്തിന് തടയിടാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ അറിയാത്തവർക്കും സൗകര്യമില്ലാത്തവർക്കും വാക്സിൻ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിക്കും. ആശ വർക്കർമാരുടെ സഹായത്തോടെയാകും ക്യാമ്പയിൻ നടപ്പാക്കുക. 3,78,690 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ഇന്നലെ സംസ്ഥാനത്തെത്തി.