പി.വി അൻവര്‍ - സുജിത് ദാസ് ഫോൺ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും

പി.വി അന്‍വര്‍ എം.എൽ.എ-യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്

Update: 2024-08-31 06:24 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: പി.വി അൻവര്‍ എം.എല്‍.എയും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്‍റേതെതെന്ന് കണ്ടെത്തിയാൽ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആർ.അജിത് കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകി. തന്നെ കാണാൻ ഓഫീസിലെത്തിയിട്ടും സുജിത് ദാസിന് അജിത് കുമാർ അനുമതി നൽകിയില്ല. പി.വി അന്‍വര്‍ എം.എൽ.എ-യുടെ പരാമർശങ്ങളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം മുൻ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസും പി.വി അൻവർ എം.എൽ.എയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായത്. നിലവിൽ എസ്പി ഓഫീസിൽ നൽകിയ മരം മുറി പരാതി പിൻവലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാൽ പരാതി പിൻവലിക്കണമെന്നും അദ്ദേഹം എം.എൽ.എയോട് ആവശ്യപ്പെടുന്നുണ്ട്. താനൂർ കസ്റ്റഡിമരണത്തിൽ താൻ ഒരുപാട് മാനസിക പ്രശ്നം അനുഭവിച്ചതായും സുജിത്ത് ദാസ് പറയുന്നതായി സംഭാഷണത്തിൽ കേൾക്കാം. നിലവിലെ എസ്.പി തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്പിയെ വിമർശിച്ചത് തനിക്ക് സന്തോഷമായ കാര്യമാണെന്നും സുജിത്ത് ദാസ് ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. താൻ എം.എൽ.എക്ക് ഒപ്പമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം എസ്പിയുടെ വസതിയിലെത്തിയ അന്‍വറിനെ പൊലീസ് തടഞ്ഞത് വലിയ വാർത്തയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയിൽ നടപടി വേണമെന്ന ആവശ്യവുമായാണ് അൻവർ എം.എൽ.എ എത്തിയത്. കൊല്ലം കടയ്ക്കൽ സ്വദേശിയായ എൻ. ശ്രീജിത്ത് നൽകിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. ഈ പരാതി പിൻവലിക്കണമെന്നാവശ്യമാണ് സുജിത് ദാസ് ഫോൺ സംഭാഷണത്തിലൂടെ അൻവർ എം.എൽ.എയോട് ആവശ്യപ്പെടുന്നത്. 2021ൽ തേക്ക്, മഹാഗണി മരങ്ങൾ മുറിച്ചു കടത്തി എന്നാണ് പരാതി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News