'മുജേ ബചാവോ സർ'; ലോട്ടറി അടിച്ചു, സുരക്ഷയ്ക്കായി തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറി ഇതര സംസ്ഥാന തൊഴിലാളി
ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണമെന്നുമായിരുന്നു പൊലീസുകാരോട് ബിർഷുവിന് പറയാനുണ്ടായിരുന്നത്.
പട്ടാപ്പകൽ സ്റ്റേഷനിലേക്ക് എന്നെ രക്ഷിക്കൂ എന്നുപറഞ്ഞുകൊണ്ട് ഓടിക്കയറി എത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ കണ്ട് ആ പൊലീസുകാർ ആദ്യം ഒന്ന് കുഴങ്ങി. കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങിയപ്പോൾ പോക്കറ്റിൽ നിന്നൊരു ലോട്ടറിയായിരുന്നു ആ ഇതര സംസ്ഥാന തൊഴിലാളി പൊലീസുകാരെ കാട്ടിക്കൊടുത്തത്. അതാകട്ടെ കേരള സർക്കാർ വ്യാഴാഴ്ച നറുക്കെടുത്ത ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയിൽ ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റായിരുന്നു. തിരുവനന്തപുരം തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ലോട്ടറി ടിക്കറ്റിൽ ബംപർ സമ്മാനമടിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ ബിർഷു റാബ പൊലീസ് സുരക്ഷയും അഭയവും തേടിയെത്തിയത്. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് തന്നെയാണ് ഇക്കാര്യം അറിയച്ചത്.
തിങ്കളാഴ്ച തമ്പാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കൽ നിന്നും ബിർഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിർഷുവിനാണെന്നറിഞ്ഞത്. ബംപറടിച്ചത് പുറത്തറിഞ്ഞാൽ ആരെങ്കിലും തന്നെ അപായപ്പെടുത്തും എന്ന് പേടിച്ച ബിർഷു, ''സർ, മുജേ ബചാവോ..'എന്ന് പറഞ്ഞുകൊണ്ടാണ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.
ടിക്കറ്റ് ഏൽപ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നൽകണമെന്നുമായിരുന്നു പൊലീസുകാരോട് ബിർഷുവിന് പറയാനുണ്ടായിരുന്നത്. തുടർന്ന് തമ്പാനൂർ പൊലീസുകാർ ഫെഡറൽ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏൽപ്പിക്കുംവരെ ബിർഷുവിനെ സ്റ്റേഷനിൽ ഇരുത്തി. പണം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ധൂർത്താക്കി കളയരുതെന്ന ഉപദേശം നൽകി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിർഷുവിനെ പൊലീസുകാർ യാത്രയാക്കിയത്.
അടുത്തിടെ വിഷു ബംപർ സമ്മാനമായ 12 കോടി രൂപ അടിച്ച കോഴിക്കോട് സ്വദേശി പേര് വെളിപ്പെടുത്തരുതെന്ന് ലോട്ടറിവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സ്വകാര്യത വേണമെന്ന ഇദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച് ലോട്ടറി വകുപ്പ് പേര് വെളിപ്പെടുത്തിയിരുന്നില്ല.