സ്കൂൾ കലോത്സവത്തിന് നാളെ കോഴിക്കോട് തിരി തെളിയും
താളമേളങ്ങൾക്ക് കാതോർത്ത് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ കലാസ്വാദകർ
കോഴിക്കോട്: കോഴിക്കോട് നാളെ മുതൽ കലയുടെ രാപ്പകലുകൾ. കലാപ്രതിഭകളെ സ്വീകരിക്കാൻ മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങി മധുരത്തിന്‍റെ നഗരം. താളമേളങ്ങൾക്ക് കാതോർത്ത് കാത്തിരിക്കുകയാണ് കോഴിക്കോട്ടെ കലാസ്വാദകർ.
അതിരാണിപാടമായി മാറിയ വിക്രം മൈതാനത്ത് ആദ്യം ദൃശ്യവിസ്മയം തീർത്ത് ഉദ്ഘാടന ചടങ്ങുകൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതോടെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. രണ്ടാം വേദിയായ സാമൂതിരി സ്കൂളിലെ ഭൂമിയിൽ സംസ്കൃത നാടകമാണ്. പ്രൊവിഡൻസിലെ തസ്രാക്കിൽ കുച്ചുപ്പുടിയ്ക്കൊപ്പം മണവാളനും കൂട്ടരും വട്ടപ്പാട്ടുമായെമെത്തും. കോലിലും ദഫിലും താളം തീർക്കും ഗുജറാത്തി ഹാളിലെ ബേപ്പൂർ. ആദ്യ ദിനം തന്നെ കുടുകുടെ ചിരിപ്പിക്കാൻ ഗണപത് ബോയ്സിൽ ഹയർസെക്കണ്ടറി വിഭാഗം മിമിക്രി നടക്കും. മിഴാവ് കൊട്ടി കൂടിയാട്ടക്കാർ ചാലപ്പുറം അച്യുതൻ ഗേൾസിലേക്കെത്തും. നാടൻ പാട്ടിനൊപ്പം താളം പിടിക്കാനും ആടാനും ടൗൺഹാളിലേക്കെത്താം.
രചനമത്സരങ്ങളും വാദ്യോപകരണങ്ങളും മാന്ത്രികത തീർക്കുന്നതും ഒന്നാം ദിസവമാണ്. ഊട്ടുപുര സജീവമാണ്... കോഴിക്കോട് നിറഞ്ഞ മനസ്സോടെ കാത്തിരിക്കുകയാണ് കലോത്സവത്തിനായി.
ഐസൊരതി പോലെ കളർഫുള്ളാണ് കലോത്സവം .മിൽക്ക് സർബത്തിൻറെ രുചിയും. ബിരിയാണി പോലെ സ്പൈസിയും. ഇനിയുള്ളത് കല കലോ കലയുടെ ഏഴ് നാളുകൾ. പ്രതിഭകൾ ഇന്നെത്തും. ഇനി ങ്ങളാണ് വരേണ്ടത്. ഒരുങ്ങിയിറങ്ങി വേഗം ങ്ങ് പോരീ...